'നിന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കാം' മമ്മൂട്ടി പറഞ്ഞു; 'അയ്യോ വേണ്ട' എന്ന് ലാല്‍ ജോസ്

രേണുക വേണു| Last Modified വ്യാഴം, 6 ജനുവരി 2022 (15:26 IST)

മമ്മൂട്ടിയെ നായകനാക്കി 'ഒരു മറവത്തൂര്‍ കനവ്' സംവിധാനം ചെയ്താണ് ലാല്‍ ജോസ് സ്വതന്ത്ര സംവിധായകരുടെ നിരയിലേക്ക് കാലെടുത്ത് വച്ചത്. എന്നാല്‍, തന്റെ കന്നി സിനിമ മമ്മൂട്ടിയെ വച്ച് ചെയ്യാന്‍ ലാല്‍ ജോസിന് പ്ലാന്‍ ഉണ്ടായിരുന്നില്ല. മമ്മൂട്ടിയുടെ ഒരു ചോദ്യമാണ് പിന്നീട് കാര്യങ്ങള്‍ മാറ്റിമറിച്ചതെന്നും അങ്ങനെയാണ് ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ പിറന്നതെന്നും ലാല്‍ ജോസ് പഴയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

'മമ്മൂട്ടിയുടെ ഉദ്യാനപാലകന്‍ എന്ന സിനിമ ഷൂട്ടിങ് നടക്കുന്ന സമയം. ഞാന്‍ അതിന്റെ അസോസിയേറ്റ് ആണ്. എന്നെ ആ സിനിമയില്‍ അസോസിയേറ്റ് ആക്കാന്‍ മമ്മൂക്ക തന്നെയാണ് അന്ന് സംവിധായകനോട് നിര്‍ദേശിച്ചത്. നീയും ശ്രീനിവാസനും കൂടി എന്തോ സിനിമാ പരിപാടി ഉണ്ടെന്ന് കേട്ടല്ലോ, എന്താ പരിപാടി എന്ന് ഉദ്യാനപാലകന്റെ സെറ്റില്‍വച്ച് മമ്മൂക്ക എന്നോട് ചോദിച്ചു. കഥകള്‍ ആലോചിക്കുന്നുണ്ട്, ഒന്നും ആയിട്ടില്ല. ചര്‍ച്ചകള്‍ ഇങ്ങനെ നടക്കുന്നുണ്ട് എന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ആരാ നായകന്‍ എന്ന് മമ്മൂക്ക ചോദിച്ചു. നായകനെയൊന്നും തീരുമാനിച്ചിട്ടില്ല. കഥ റെഡിയാകുമ്പോള്‍ നായക കഥാപാത്രത്തിന്റെ ഛായയുള്ള ഒരാളെ കാസ്റ്റ് ചെയ്യണം. നിന്റെ നായകന് എന്റെ ഛായയാണെങ്കില്‍ ഞാന്‍ അഭിനയിക്കാം എന്ന് മമ്മൂക്ക പറഞ്ഞു. അപ്പോ ഞാന്‍ 'വേണ്ട' എന്ന് പറഞ്ഞു. മമ്മൂക്ക ആകെ ഷോക്കായി പോയി. അതെന്താ എന്ന് മമ്മൂക്ക ചോദിച്ചു. അപ്പോ ഞാന്‍ പറഞ്ഞു ആദ്യത്തെ സിനിമയാണ്. എനിക്ക് ഈ പണി അറിയോന്ന് എനിക്ക് തന്നെ ഉറപ്പില്ല. മമ്മൂക്കയെ പോലെ ഒരാള്‍ വന്നാല്‍ ഞാന്‍ ചിലപ്പോ നെര്‍വസ് ആകും. മമ്മൂക്ക പിന്നെ ക്യാമറ അവിടെ വയ്ക്ക്, ഇവിടെ വയ്ക്ക് എന്നൊക്കെ പറഞ്ഞാല്‍ നമ്മള് തമ്മില്‍ ഒരു പ്രശ്‌നമുണ്ടാകും. എന്തിനാ പുലിവാല് പിടിക്കുന്നേ. ഞാന്‍ ഒരു സിനിമ ചെയ്ത് തെളിയിച്ച ശേഷം ആ സാധനവുമായി മമ്മൂക്കയുടെ മുന്നില്‍ വരാം. അപ്പോ എനിക്ക് സംവിധാനം അറിയുമെന്ന് തോന്നിയാല്‍ എനിക്ക് ഡേറ്റ് തന്നാല്‍ മതി,' ലാല്‍ ജോസ് പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :