ഇംഗ്ലീഷ് പഠിക്കാന്‍ ഒരു സ്ത്രീയുടെ സഹായം തേടി മമ്മൂട്ടി, ശമ്പളം മണിക്കൂറിന് 600 രൂപ; ക്ലാസില്‍ കൃത്യസമയത്ത് എത്താതെ മെഗാസ്റ്റാര്‍, കാരണം പേടി

രേണുക വേണു| Last Modified ബുധന്‍, 5 ജനുവരി 2022 (14:41 IST)

മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്നാം തവണ നേടികൊടുത്ത സിനിമയാണ് ബാബാ സാഹേബ് അംബേദ്ക്കര്‍. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത അംബേദ്ക്കര്‍ രണ്ടായിരത്തിലാണ് റിലീസ് ചെയ്തത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. അംബേദ്ക്കറായി മമ്മൂട്ടിയുടെ പരകായ പ്രവേശം ഏറെ ശ്രദ്ധിക്കപ്പെട്ടു. അംബേദ്ക്കറിനെ പോലെ ബ്രിട്ടീഷ് ഇംഗ്ലീഷ് കൃത്യമായി സംസാരിക്കാന്‍ താന്‍ പ്രയത്‌നിച്ചതിനെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ മമ്മൂട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.

'അംബേദ്കറിനായി 30 ദിവസം ഡബ്ബ് ചെയ്തു. വിശ്വസിക്കോ? അത്രയും ദിവസങ്ങള്‍ ഉണ്ടെങ്കില്‍ അക്കാലത്ത് ഒരു സിനിമ പൂര്‍ത്തിയാക്കാം. മദ്രാസില്‍ താമസിക്കുന്ന സമയമായിരുന്നു അത്. ബ്രിട്ടീഷ് ഇംഗ്ലീഷ് പഠിക്കാനായി ബ്രിട്ടീഷ് ഇംഗ്ലീഷ് അറിയുന്ന ഒരു സ്ത്രീയെ ജോലിക്ക് നിര്‍ത്തി. മണിക്കൂറിന് 600 രൂപ എന്ന നിലയിലാണ് അവര്‍ക്ക് ശമ്പളം കൊടുത്തിരുന്നത്. മൂന്ന് മണി മുതല്‍ നാല് മണി വരെയുള്ള ഒരു മണിക്കൂര്‍ സമയം അവര്‍ പറയും. പക്ഷേ, ഞാന്‍ മൂന്നരയ്ക്ക് പോയി 3.45 ന് തിരിച്ചുവരും. അവരെ പേടിച്ചിട്ടാണ് അത്. അവര് പറയുന്ന പോലെ നമുക്ക് പറയാന്‍ പറ്റണ്ടേ. അങ്ങനെ പഠിച്ചാണ് ഈ പരിവത്തില്ലെങ്കിലും അംബേദ്കര്‍ വന്നത്. ആ സമയത്ത് ഞാന്‍ പ്രസംഗിക്കുമ്പോ ശ്രദ്ധിച്ചിട്ടുണ്ടോ, ഭയങ്കര ബ്രിട്ടീഷ് ഇംഗ്ലീഷ് ആയിരുന്നു. ഇപ്പോ അതൊക്കെ പോയി. പത്ത് പന്ത്രണ്ട് വര്‍ഷങ്ങളായില്ലേ,' മമ്മൂട്ടി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :