Kochi|
രേണുക വേണു|
Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2025 (09:23 IST)
Mammootty: രോഗമുക്തി നേടി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടിയെ സ്വീകരിക്കാന്‍ വിപുലമായ പരിപാടികളുമായി ആരാധകര്‍. ചെന്നൈയില്‍ വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി സെപ്റ്റംബര്‍ ആദ്യവാരം കൊച്ചിയിലെത്തും. സെപ്റ്റംബര്‍ ഏഴിനു മമ്മൂട്ടിയുടെ 74-ാം ജന്മദിനമാണ്.
കൊച്ചിയിലെ വീട്ടില്‍വെച്ചായിരിക്കും മമ്മൂട്ടിയുടെ ജന്മദിനാഘോഷം. മകന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കളും കൊച്ചിയിലെ വീട്ടിലെത്തുമെന്നാണ് വിവരം. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും പനമ്പള്ളിനഗറിലെ മമ്മൂട്ടിയുടെ വീട്ടിലേക്ക് ആരാധകര്‍ എത്തും. രോഗമുക്തനായി തിരിച്ചെത്തുന്ന പ്രിയതാരത്തിന്റെ ജന്മദിനം കളറാക്കാന്‍ വന്‍ പരിപാടികളാണ് ആരാധകര്‍ പ്ലാന്‍ ചെയ്യുന്നത്.
സെപ്റ്റംബര്‍ ഏഴിനു ശേഷമായിരിക്കും മമ്മൂട്ടി സിനിമയില്‍ സജീവമാകുകയെന്നാണ് വിവരം. മഹേഷ് നാരായണന്‍ ചിത്രമാണ് ആദ്യം പൂര്‍ത്തിയാക്കുക. കൊച്ചിയില്‍ ചില പ്രധാന രംഗങ്ങളുടെ ചിത്രീകരണം ഉണ്ടാകും. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കളങ്കാവല്‍ പ്രൊമോഷന്‍ പരിപാടികളിലും മമ്മൂട്ടി പങ്കെടുക്കും.
മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം നിതീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടുണ്ട്.