Kochi|
Nelvin Gok|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2025 (10:43 IST)
Nelvin Gok - [email protected]
Mammootty: അത്ര വലിയ രോഗമല്ല, എങ്കിലും ജീവന്റെ ജീവനായ സിനിമയില്‍ നിന്ന് ആറ് മാസത്തോളം മമ്മൂട്ടി മാറിനില്‍ക്കണമെങ്കില്‍ അതൊരു ചെറിയ രോഗവുമല്ല. ഒടുവില്‍ ആ പരീക്ഷയും പാസായി 74 ലും കുട്ടിയായ മമ്മൂട്ടി തിരിച്ചുവരികയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ ആ തിരിച്ചുവരവ് ആഘോഷിക്കുകയാണ്.
കടുത്ത മമ്മൂട്ടി ആരാധകനായ എനിക്ക് ആ മനുഷ്യന്‍ ഒരു 'ഹാപ്പി പില്‍' പോലെയാണ്. മമ്മൂട്ടിയെ എനിക്ക് മടുക്കാത്തത് അയാളിലെ നടനില്‍ എനിക്കൊരിക്കലും 'ആവര്‍ത്തന വിരസത' തോന്നാത്തതുകൊണ്ടാണ്. മമ്മൂട്ടിയുടെ കൈയിലേക്ക് വരുമ്പോള്‍ ഓരോ കഥാപാത്രത്തിനും ആ കഥാപാത്രത്തിന്റേതായ രൂപവും ഘടനയും ശബ്ദവുമുണ്ട്. അതൊരു മാജിക്കാണ്, പൂര്‍ണതയാണ് ! പ്രാദേശികതയ്ക്കപ്പുറം ആ കഥാപാത്രത്തെ അനായാസം പ്ലേസ് ചെയ്യാന്‍ സാധിക്കുമെന്നതാണ് മമ്മൂട്ടിയെന്ന നടന്റെ വിജയം.
കോവിഡിനു ശേഷമാണ് സജീവമായി സിനിമകള്‍ തിയറ്ററില്‍ പോയി കാണുന്ന പരിപാടി തുടങ്ങിയത്. ഭീഷ്മ പര്‍വ്വം തൊട്ട് ഓരോ മമ്മൂട്ടി സിനിമകളും തിയറ്ററില്‍ പോയി കാണാന്‍ അത്രയും എക്സൈറ്റ്മെന്റോടു കൂടിയാണ് ഞാന്‍ കാത്തിരിക്കാറുള്ളത്. മെന്റലി തകര്‍ന്നിരിക്കുന്ന സമയത്തൊക്കെ മമ്മൂട്ടി സിനിമകളാണ് എന്നെ പിടിച്ചുനിര്‍ത്തിയിട്ടുള്ളത്. അങ്ങനൊരു മനുഷ്യന്‍ പെട്ടന്ന് അനാരോഗ്യത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നുപറയുമ്പോള്‍ എന്നെ അത് ഒരുപാട് വിഷമിപ്പിച്ചു..! പൂര്‍ണ ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തുമ്പോള്‍ അതുപോലെ തന്നെ സന്തോഷിക്കുന്നു..!
സിനിമയില്ലാത്ത ആറ് മാസം മമ്മൂട്ടി എങ്ങനെയായിരിക്കും പിന്നിട്ടതെന്ന് അറിയാനൊരു കൗതുകമുണ്ട്, ആരെങ്കിലും സിനിമ പ്രൊമോഷനു ഇന്റര്‍വ്യു എടുക്കുമ്പോള്‍ അദ്ദേഹത്തോടു ഇതേ കുറിച്ച് ചോദിക്കുമായിരിക്കും. കാരണം സിനിമയില്ലാതെ മമ്മൂട്ടിയില്ല, അല്ലെങ്കില്‍ മമ്മൂട്ടിക്ക് സിനിമയില്ലാതെ ഒക്കില്ല..!
അഭിനയിച്ചു ക്ഷീണിച്ചെന്നോ അഭിനയ ജോലി മടുത്തെന്നോ മമ്മൂട്ടി ഒരിക്കലും പറഞ്ഞിട്ടില്ല. കാരണം ഈ എഴുപതുകളിലും മമ്മൂട്ടിയെ ക്ഷീണമില്ലാതെ പിടിച്ചുനിര്‍ത്തുന്നത് ഈ സിനിമാ കമ്പമാണ്. ഒരുപക്ഷേ മമ്മൂട്ടിയെ ചികിത്സിച്ച ഡോക്ടറോടു 'എങ്ങനപ്പാ മമ്മൂട്ടിക്ക് വേഗം സുഖപ്പെട്ടേ' എന്ന് ചോദിച്ചാല്‍ ആ ഡോക്ടര്‍ ചിരിച്ചുകൊണ്ട് പറയുമായിരിക്കും, 'മൂപ്പര്‍ക്ക് അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ രോഗം മൂടുംതട്ടി സലാം പറഞ്ഞ് എണീറ്റുപ്പോയി' എന്ന്. അരനൂറ്റാണ്ടോളം സിനിമ ചെയ്തിട്ടും ക്ഷീണിക്കാത്ത മമ്മൂട്ടി രോഗം പിടിപ്പെട്ടതിന്റെ ആദ്യകാലത്ത് സുഹൃത്തായ ശ്രീരാമനോടു പറഞ്ഞു, 'ഭക്ഷണത്തിന്റെ രുചി അറിയുന്നില്ല, നടക്കാന്‍ ബുദ്ധിമുട്ടുണ്ട്, മണമൊന്നും അറിയാന്‍ പറ്റുന്നില്ല' അപ്പോഴും ശ്രീരാമന്‍ പറയുന്നുണ്ട്, 'മൂപ്പരത് വലിയ പ്രശ്‌നമായൊന്നും അല്ല പറഞ്ഞത്, ചുമ്മാ അങ്ങനെ പറഞ്ഞുപോയെന്ന്'. ശ്രീരാമനും തോന്നി കാണും, 'അമ്പടപ്പാ, കളി മമ്മൂട്ടിയോടോ ! ' ഒടുവില്‍ പൂര്‍ണമായി സൗഖ്യപ്പെട്ട വിവരം അറിയിക്കാന്‍ വിളിച്ച മമ്മൂട്ടി 'അവസാന ടെസ്റ്റും പാസായെടാ' എന്നും പറഞ്ഞപ്പോള്‍ 'നിങ്ങളതൊക്കെ പാസാകുമെന്ന് നമുക്ക് നേരത്തെ അറിയാം' എന്ന് ശ്രീരാമന്‍ തിരിച്ചുപറഞ്ഞതും അതുകൊണ്ടാണ്.
പരീക്ഷകളും പരീക്ഷണങ്ങളും പാസായാണല്ലോ മമ്മൂട്ടി 'മമ്മൂട്ടി'യായത്. ക്ലാസ് കട്ട് ചെയ്തു ചാന്‍സ് ചോദിച്ചുനടന്ന മുഹമ്മദ് കുട്ടി 1971 ല്‍ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ മുഖം കാണിച്ച ശേഷം മമ്മൂട്ടിയാകുന്നത് 1980 ല്‍ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളിലൂടെയാണ്. ഏതാണ്ട് ഒന്‍പത് വര്‍ഷത്തെ പരീക്ഷണം..! അന്ന് ജയിച്ചുതുടങ്ങിയതാണ്, ഇന്നും മാറ്റമില്ലാതെ തുടരുന്നതാണ് മലയാളിക്ക് 'മമ്മൂട്ടി'. തുടര്‍ പരാജയങ്ങളില്‍ തകര്‍ന്ന് സിനിമ വിടേണ്ടിവരുമെന്ന ഘട്ടത്തിലൂടെയും മമ്മൂട്ടി കടന്നുപോയിട്ടുണ്ട്. എല്ലാം കഴിഞ്ഞെന്ന് കരുതിയിരിക്കുമ്പോള്‍ ഒന്നരക്കാലിലൊരു ജി.കൃഷ്ണമൂര്‍ത്തി നടന്നുവരുന്നു. 1987 ല്‍ റിലീസ് ചെയ്ത 'ന്യൂഡല്‍ഹി'യിലൂടെ മമ്മൂട്ടി മലയാളത്തിലെ താരസങ്കല്‍പ്പങ്ങളെയെല്ലാം കാറ്റില്‍ പറത്തി. ന്യൂഡല്‍ഹി കണ്ട ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ വിളിച്ചുപറഞ്ഞു, 'ഇതാ മമ്മൂട്ടി തിരിച്ചുവരാന്‍ പോകുന്നു'. കോവിഡിനു മുന്‍പുള്ള മമ്മൂട്ടിയും സമാന സാഹചര്യത്തിലൂടെ കടന്നുപോയതാണ്. തുടര്‍ പരാജയങ്ങള്‍, മോശം സിനിമകള്‍...! ഇത്തവണ കൃഷ്ണമൂര്‍ത്തിക്കു പകരം ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളപ്പനാണ്, കസേരയില്‍ കാലിന്മേല്‍ കാലുകയറ്റിവെച്ചിരിക്കുന്ന മൈക്കിളപ്പനില്‍ അടുത്ത ടെസ്റ്റും പാസായ മമ്മൂട്ടിയെ കാണാം. സിനിമയിലും ജീവിതത്തിലും ടെസ്റ്റുകളോരോന്നും പാസായി മമ്മൂട്ടി 'തുടരുകയാണ്..!'