Kochi|
രേണുക വേണു|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2025 (08:55 IST)
Sreeraman about Mammootty: രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന നടന്‍ മമ്മൂട്ടി മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. 'അവസാന ടെസ്റ്റും' പാസായി പൂര്‍ണ രോഗമുക്തി നേടിയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ്. മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ച് നടനും സുഹൃത്തുമായ ശ്രീരാമന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാ ലോകത്തിന്റെ ഹൃദയം തൊടുന്നത്.
ഒരു ടെസ്റ്റ് കൂടിയുണ്ട്. അതു കഴിഞ്ഞാലേ പൂര്‍ണമുക്തി ആയെന്ന് പറയാന്‍ കഴിയൂവെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വിളിച്ചപ്പോള്‍ മമ്മൂട്ടി ശ്രീരാമനോടു പറഞ്ഞിരുന്നു. പിന്നീട് ആ ടെസ്റ്റ് കഴിഞ്ഞ് റിസള്‍ട്ട് അനുകൂലമായപ്പോഴാണ് ശ്രീരാമനു മമ്മൂട്ടിയുടെ വിളിയെത്തുന്നത്. 'അവസാന ടെസ്റ്റും പാസായി' എന്നാണ് മമ്മൂട്ടി പ്രിയസുഹൃത്തിനോടു പറഞ്ഞത്.
അതേസമയം രോഗത്തിന്റെ തുടക്കകാലത്ത് ഭക്ഷണത്തിനു രുചിയില്ലെന്നും നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നതായും ശ്രീരാമന്‍ വെളിപ്പെടുത്തി. എന്നാല്‍ അതിനെയൊന്നും അത്ര വലിയ പ്രശ്‌നമായല്ല അദ്ദേഹം കണ്ടിരുന്നത്. തെറാപ്പിയുടെ സമയത്ത് മണം അറിയാനും ചെറിയ ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ ചികിത്സയൊക്കെ കഴിഞ്ഞ് പൂര്‍ണ ആരോഗ്യവാനായാണ് തിരിച്ചെത്തുന്നത്. ഇപ്പോഴത്തെ സംസാരം കേള്‍ക്കുമ്പോള്‍ മൂപ്പര്‍ക്ക് കൂടുതല്‍ ഉഷാറ് വന്നിട്ടുള്ള പോലെയാണ് തനിക്കു തോന്നുന്നതെന്നും ശ്രീരാമന്‍ പറഞ്ഞു.
ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണമായിരിക്കും മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്. ഏതാനും ദിവസം കൂടി താരം വിശ്രമത്തിലായിരിക്കും. എന്തായാലും അധികം താമസിയാതെ തന്നെ മമ്മൂട്ടി സിനിമയിലെത്തുമെന്നും ശ്രീരാമന്‍ കൂട്ടിച്ചേര്‍ത്തു.