രേണുക വേണു|
Last Modified വെള്ളി, 28 ജനുവരി 2022 (13:00 IST)
സിനിമ ഇന്‍ഡസ്ട്രിയില്‍ പൊതുവെ ഗൗരവക്കാരനെന്നാണ് മമ്മൂട്ടിക്കുള്ള വിശേഷണം. എന്നാല്‍, അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് താരത്തിന്റെ സ്വഭാവത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. മനസ്സില്‍ ഉള്ളത് പുറത്ത് പ്രകടിപ്പിക്കും എന്നതൊഴിച്ചാല്‍ ആരോടും ഒരു വിദ്വേഷവും മനസ്സില്‍ വയ്ക്കാത്ത സ്വഭാവക്കാരനാണ് മമ്മൂട്ടിയെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നത്.
താന്‍ ചെറുപ്പത്തില്‍ ഭയങ്കര തമാശക്കാരനായിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ താനൊരു കോമാളിയായിരുന്നെന്ന് മമ്മൂട്ടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി തന്റെ വിദ്യാഭ്യാസ കാലത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
'വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഞാനൊരു കോമാളിയായിരുന്നു. അത് പറഞ്ഞാല്‍ ആരും ഇപ്പോ വിശ്വസിക്കില്ല. കൂടെ പഠിച്ചിരുന്നവരും മുതിര്‍ന്ന ക്ലാസിലെ പഠിച്ചിരുന്ന ആളുകളും മിഠായിയൊക്കെ വാങ്ങി തന്ന് എന്നെ പ്രീണിപ്പിക്കും. തമാശ പറയാന്‍ വേണ്ടിയാണ് ഈ പ്രീണനം. സീനിയര്‍ ക്ലാസില്‍ പഠിക്കുന്ന ചേച്ചിമാരൊക്കെ അവരുടെ ഉച്ചഭക്ഷണത്തിന്റെ ഒരു പങ്ക് എനിക്ക് തരുമായിരുന്നു. ഉച്ചയ്ക്ക് അവരുടെ ക്ലാസില്‍ പോയി തമാശ പറഞ്ഞു രസിപ്പിച്ചാല്‍ മതി. തമാശകളും മിമിക്രിയുമൊക്കെ കളിച്ചു നടന്നിരുന്ന ആളായിരുന്നു ഞാന്‍,' മമ്മൂട്ടി പറഞ്ഞു.