അത് കാണുമ്പോള്‍ എനിക്ക് എന്നോടുതന്നെ പുച്ഛവും അവജ്ഞയും തോന്നുന്നു: മമ്മൂട്ടി

രേണുക വേണു| Last Modified ഞായര്‍, 8 ഓഗസ്റ്റ് 2021 (10:51 IST)

ഓര്‍ത്തെടുക്കാന്‍ സാധിക്കാത്തവിധം ശക്തമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനാണ് മമ്മൂട്ടി. ഓരോ സിനിമയും കൂടുതല്‍ പഠിക്കാനുള്ള അവസരമാണെന്നാണ് മമ്മൂട്ടി പറയുന്നത്. ആദ്യ കാലങ്ങളില്‍ തന്റെ കൈയില്‍ ആകെ ഉണ്ടായിരുന്നത് അഭിനയിക്കാനുള്ള ആഗ്രഹം മാത്രമാണെന്നും അഭിനയമെന്താണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും മമ്മൂട്ടി പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

തന്റെ പഴയൊരു സിനിമ കാണുമ്പോള്‍ തനിക്ക് തന്നോട് തന്നെ പുച്ഛവും അവജ്ഞയും തോന്നാറുണ്ടെന്ന് മമ്മൂട്ടി പറയുന്നു. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത തൃഷ്ണ എന്ന സിനിമയാണ് അത്. മമ്മൂട്ടിയാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

'എനിക്ക് ആ സിനിമ കാണുമ്പോള്‍ ഭയങ്കര ലജ്ജയാണ്. പലപ്പോഴും എനിക്ക് എന്നോട് തന്നെ പുച്ഛവും അവജ്ഞയും ഭയവും ആശങ്കയുമൊക്കെയാണ്. അവിടെ നിന്ന് ഇത്ര വളര്‍ന്നത് തന്നെ വലിയ ആശ്വാസം. അതിനുമപ്പുറം ഒന്നും ആലോചിക്കാന്‍ എനിക്ക് പറ്റുന്നില്ല. എനിക്ക് അഭിനയിക്കണമെന്നുള്ള ആവേശവും അതിയായ ആഗ്രഹവും മാത്രമാണ് ആ സമയത്ത് ഉണ്ടായിരുന്നത്. അല്ലാതെ എന്റെ കൈയില്‍ അഭിനയം എന്നു പറയുന്ന സാധനം ഇല്ലായിരുന്നു. എന്റെ കൈയില്‍ ഈ വിദ്യയില്ല, അഭിനയം അറിയില്ല. തൃഷ്ണ ചെയ്യുമ്പോള്‍ അത് ഒരു ഞാണിന്‍മേല്‍ കളിയായിരുന്നു. അതുകൊണ്ടാണ് ആ സിനിമ വീണ്ടും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ പറയുന്നത്. അഭിനയത്തെ കുറിച്ച് കൂടുതല്‍ ഗ്രാഹ്യമുള്ള ഈ കാലത്ത് ഒന്നൂടെ അഭിനയിച്ചാല്‍ ആ കഥാപാത്രം കൂടുതല്‍ നന്നാക്കാന്‍ പറ്റുമെന്ന് ഞാന്‍ വിചാരിക്കുന്നു. അതിനോട്, നീതി പുലര്‍ത്താന്‍ സാധിക്കുമെന്ന് കരുതിയിട്ടുണ്ട്,'
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :