ഞാനിപ്പോള്‍ കോണ്‍ഗ്രസുകാരിയല്ല, അതില്‍ മുഴുവന്‍ തമ്മിലടി: മല്ലിക സുകുമാരന്‍

രേണുക വേണു| Last Modified വ്യാഴം, 12 മെയ് 2022 (09:48 IST)

തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞ് നടി മല്ലിക സുകുമാരന്‍. മുന്‍പ് താന്‍ ഒരു കോണ്‍ഗ്രസുകാരിയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള വിശ്വാസം നശിച്ചെന്നും മല്ലിക പറഞ്ഞു. കൗമുദി മൂവീസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക.

'എത്രയോ കാലം എന്റെ അച്ഛന്‍ പറയുന്നത് കേട്ട് കോണ്‍ഗ്രസ് ഒരു മഹത്തായ പ്രസ്ഥാനമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്ക് ആ അഭിപ്രായമില്ല. കാരണം എപ്പോള്‍ നോക്കിയാലും അതിനകത്ത് തമ്മിലടിയാണ്. ഇങ്ങനെ തമ്മിലടിക്കാനാണോ മഹാത്മഗാന്ധിയും നെഹ്റുവും ഇന്ദിരയുമൊക്കെ കഷ്ടപ്പെട്ട് ഇത്രയും വളര്‍ത്തിക്കൊണ്ട് വന്നത്. തമ്മിലടിക്കാത്തവരും അതിലുണ്ട്, അവര്‍ കുറേക്കാലം നോക്കീയിട്ട് ഒന്നു ശരിയാകുന്നില്ലെന്ന് കണ്ടപ്പോള്‍ നൈസായിട്ട് അങ്ങ് പിന്മാറി,'

'അധികാര മോഹികളാണ് ഇപ്പോള്‍ തമ്മില്‍ അടികൂടി കൊണ്ടിരിക്കുന്നത്. അതൊന്നും ആ പാര്‍ട്ടിക്ക് യോജിച്ചതല്ല, ഞാനൊരു പഴയ കോണ്‍ഗ്രസുകാരിയാണ്, പക്ഷേ ഇപ്പോള്‍ കോണ്‍ഗ്രസിലില്ല. ഞാന്‍ സ്ഥാനാര്‍ത്ഥികളെ നോക്കി വോട്ട് ചെയ്യുന്നയാളാണ്,' മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :