'എനിക്കീ സിനിമയില്‍ അഭിനയിക്കണം',ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴും കെപിഎസി ലളിത പറഞ്ഞെന്ന് സത്യന്‍ അന്തിക്കാട്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (09:08 IST)

ജയറാം-മീര ജാസ്മിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമകള്‍ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തും എന്നും സംവിധായകന്‍ അറിയിച്ചു.മരണമില്ലാത്ത മലയാളത്തിന്റെ കെപിഎസി ലളിതയ്ക്ക് സിനിമയുടെ ആദ്യ ടീസര്‍ സമര്‍പ്പിക്കുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍

'മകള്‍' ഒരുങ്ങിക്കഴിഞ്ഞു. ഏപ്രില്‍ അവസാനത്തോടെ അവള്‍ നിങ്ങള്‍ക്കു മുന്നിലെത്തും. ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികള്‍ക്കു മുന്നിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോള്‍ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു. ലളിതച്ചേച്ചിക്ക് പങ്കു ചേരാന്‍ കഴിഞ്ഞില്ല എന്നതാണ് ബാക്കി നില്‍ക്കുന്ന സങ്കടം. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴും ഓര്‍മ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും. 'സത്യാ... ഞാന്‍ വരും. എനിക്കീ സിനിമയില്‍ അഭിനയിക്കണം.'ചേച്ചി വന്നില്ല. ചേച്ചിക്ക് വരാന്‍ സാധിച്ചില്ല. 'മകളു'ടെ ഈ ആദ്യ ടീസര്‍ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമര്‍പ്പിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :