‘ബിജു മേനോൻ ഈ സെറ്റിന്റെ ഐശ്വര്യം‘, സെറ്റിൽ ബിജു മേനോൻ പാടുന്ന വീഡിയോ പങ്കുവച്ച് ലാൽജോസ്

Last Updated: തിങ്കള്‍, 1 ഏപ്രില്‍ 2019 (15:23 IST)
ലാൽ‌ജോസ് ചിത്രങ്ങളിൽ എപ്പോഴും ശ്രദ്ധേയമായ കഥാപാത്രമായി എത്താറുള്ള ഒരു നടനാണ് ബി ജു മേനോൻ. ഇരുവരും വലിയ സുഹൃത്തുക്കളുമാണ്. ബിജു മേനോനെ നായകനാക്കിയുള്ള ഫോർട്ടി വൺ എന്ന സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ ലാൽ‌ജോസ്. സിനിമയുടെ ചിത്രീകരനം തലശേരിയിൽ പുരോഗമിക്കുകയാണ്. ഹാസ്യത്തിന് പ്രധാന്യമുള്ള സിനിമയാണ് ഫോർട്ടി വൺ.

സിനിമാ ചിത്രീകരണത്തിനിടെ പകർത്തിയ രസകരമായ ഒരു വീഡിയോ പങ്കുവച്ച് ബിജു മേനോനുമായുള്ള സൌഹൃദത്തെക്കുറിച്ച് വാചലനാവുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ. മമ്മുട്ടിയും ബിജു മേനോനും ഒന്നിച്ചഭിനയിച്ച ലാൽജോസ് ചിത്രമായ പട്ടാളം എന്ന സിനിമയിലെ ‘ആരൊരാൾ പുലർമഴയിൽ‘ എന്ന ഗാനം ബി ജു മേനോൻ പടുന്നതും ലാൽജോസും സെറ്റിലെ മറ്റ് അംഗങ്ങളും പാട്ടിന് താളം പിടിക്കുന്നതുമായ വീഡിയോയാണ് ലാ‍ൽ ജോസ് പങ്കുവച്ചിരിക്കുന്നത്.

ദൃശ്യം പങ്കുവച്ചുകൊണ്ട് ലാൽജോസ് കുറിച്ചത് ഇങ്ങനെ. 1991ലെ ഒരു വേനൽക്കാലം, സുഹൃത്ത് സംവിധാനം ചെയ്യുന്ന ടെലിഫിലിമിന്റെ ഷൂട്ട് കൊടുങ്ങല്ലൂരിൽ. ഞാൻ അസോസിയേറ്റ് ഡയറക്ടർ. ആ സെറ്റിൽ സന്ദർശകനായി എത്തിയ സുന്ദരനായ ചെറുപ്പക്കാരൻ. മിഖായേലിന്റ സന്തതികളിലെ അലോഷിയായി അതിനകം സുന്ദരികളുടെ ഹൃദയം കവർന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാൻ പരിചയപ്പെട്ടു.

സംവിധായകനാകും മുമ്പേ ഞാൻ പരിചയപ്പെട്ട നടൻ. എന്റെ ആദ്യ സിനിമയായ മറവത്തൂർ കനവ് മുതൽ ഒപ്പമുള്ളവൻ. എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുളള നടൻ. എട്ട് സിനിമകൾ. ഇപ്പോഴിതാ നാൽപ്പത്തിയൊന്നിലെ നായകൻ. തലശ്ശേരിയിൽ വേനൽ കത്തിനിൽക്കുമ്പോൾ ഷൂട്ടിങ്ങ് ടെൻഷനുകളെ തണുപ്പിക്കുന്നത് അവന്റെ അസാധ്യ ഫലിതങ്ങളാണ്. ബിജു മേനോൻ ഈ സെറ്റിന്റെ ഐശ്വര്യം
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :