സിനിമയിലെ മൂലകഥ തമിഴ്‌നാട്ടിൽ നടന്ന സംഭവം, സിനിമ തമിഴ്‌നാട് സർക്കാരിനെതിരെയാണ് എന്ന് പറയുമോ? കുഞ്ചാക്കോ ബോബൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2022 (15:40 IST)
കേരളത്തിലെ സർക്കാരിനെ ലക്ഷ്യം വെച്ചുള്ള പരസ്യമല്ലായിരുന്നു സിനിമയുടേതെന്ന് കുഞ്ചാക്കോ ബോബൻ. മാറി മാറി വരുന്ന രാഷ്ട്രീയക്കാർക്ക് സാധാരണക്കാരൻ്റെ അവസ്ഥ മനസ്സിലാക്കുകയാണ് സിനിമയിലൂടെ ലക്ഷ്യം വെച്ചിരുന്നതെന്നും കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോട് പറഞ്ഞു. ന്നാ താൻ കേസ് കൊട് എന്ന സിനിമയ്ക്ക് നേരെയുണ്ടായ വിമർശനങ്ങളോടും ബോയ്കോട്ട് ക്യാമ്പയിനോടും പ്രതികരിക്കുകയായിരുന്നു താരം.

സിനിമ കാണില്ല എന്നതെല്ലാം ഓരോ ആളുകളുടെയും ഇഷ്ടമാണെന്നും സിനിമ കണ്ടവർക്ക് പോസ്റ്ററിലൂടെ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാകുമെന്നും ചിത്രത്തിലെ നായകനായ കുഞ്ചാക്കോ ബോബൻ പറഞ്ഞു. വര്‍ഷങ്ങളായി ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഹ്യൂമര്‍ വഴി അവതരിപ്പിക്കുന്ന ചിത്രമാണിത്. മാറിമാറി വരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം ഈ സിനിമയിലൂടെ കടന്നുപോകുന്നുണ്ടെന്നും ആവശ്യമില്ലാത്ത വിവാദമാണ് ഇപ്പോൾ ഉണ്ടാക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

സിനിമയിൽ കുഴി മാത്രമല്ല പ്രശ്നം. കുഴി ഒരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയിൽ സാധാരണക്കാരനെ ബാധിക്കുമെന്ന് നർമത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും രീതിയിൽ അവതരിപ്പിക്കുകയാണ് സിനിമയിൽ ചെയ്യുന്നത്.ചിത്രത്തിന്റെ കഥ വർഷങ്ങൾക്കു മുമ്പേ സംഭവിച്ചതാണ്. അല്ലാതെ ഇന്നത്തെ സാഹചര്യം കൊണ്ട് മനഃപൂർവം സംഭവിച്ചതല്ല. സിനിമയുടെ കഥ മൂലകഥ തമിഴ്‌നാട്ടിൽ നടന്ന സംഭവമാണ്.

അതും തമിഴ്നാട്ടിലെ കുഴി കൊണ്ടുണ്ടാകുന്ന പ്രശ്നം. ഇനി തമിഴ്നാട് സർക്കാരിനെതിരെയാണ് ഈ സിനിമയെന്ന് പറയുമോ? ഞാനെന്നും നല്ല സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ആളാണ് അനാവശ്യമായ വിവാദങ്ങളാണ് ഇപ്പോഴത്തേത് എന്നാണ് പറയാനുള്ളത്. കുഞ്ചാക്കോ ബോബൻ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :