രേണുക വേണു|
Last Modified വെള്ളി, 12 ജൂലൈ 2024 (15:43 IST)
68-ാമത് ഫിലിം ഫെയര്‍ അവാര്‍ഡ്‌സില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്'. മികച്ച മലയാള സിനിമ, മികച്ച സംവിധായകന്‍, മികച്ച നടന്‍ തുടങ്ങി പ്രധാന പുരസ്‌കാരങ്ങള്‍ 'ന്നാ താന്‍ കേസ് കൊട്' സ്വന്തമാക്കി. മികച്ച നടനായി കുഞ്ചാക്കോ ബോബനും മികച്ച സംവിധായകനായി രതീഷ് ബാലകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു. 2022 ലെ അവാര്‍ഡുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പുഴുവിലെ അഭിനയത്തിനു മമ്മൂട്ടിയും മികച്ച നടനുള്ള അവാര്‍ഡിനായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ മമ്മൂട്ടിയെ പോലും പിന്നിലാക്കി കുഞ്ചാക്കോ ബോബന്‍ അവാര്‍ഡ് കരസ്ഥമാക്കി. ജയ ജയ ജയ ജയ ഹേ എന്ന സിനിമയിലെ അഭിനയത്തിനു ദര്‍ശന രാജേന്ദ്രന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഉടല്‍ സിനിമയിലെ അഭിനയത്തിനു ഇന്ദ്രന്‍സും പുഴുവിലെ അഭിനയത്തിനു പാര്‍വതിയും മികച്ച സപ്പോര്‍ട്ടിങ് ആക്ടേഴ്‌സിനുള്ള പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.
ഭൂതകാലത്തിലെ അഭിനയത്തിനു രേവതിയും അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനു അലന്‍സിയറും മലയാള സിനിമയിലെ മികച്ച അഭിനേതാക്കള്‍ക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കി. സീതാരാമം എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കിലെ മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കി. തമിഴിലെ മികച്ച നടനുള്ള പുരസ്‌കാരം വിക്രം സിനിമയിലെ അഭിനയത്തിനു കമല്‍ ഹാസന് ലഭിച്ചു. കൈലാസ് മേനോന്‍ ആണ് മലയാളത്തിലെ മികച്ച സംഗീത സംവിധായകന്‍, സിനിമ - വാശി.