K S Chithra: മലയാളത്തിൻ്റെ വാനമ്പാടിക്ക് ഇന്ന് 59-ാം പിറന്നാൾ

അഭിറാം മനോഹർ| Last Updated: ബുധന്‍, 27 ജൂലൈ 2022 (14:58 IST)
മലയാളത്തിൻ്റെ വാനമ്പാടിക്ക് ഇന്ന്
59-ാം പിറന്നാൾ. ശബ്ദമാധുരി കൊണ്ട് തെന്നിന്ത്യയെ മൊത്തം മയക്കിയ മലയാളത്തിൻ്റെ വാനമ്പാടിയാണെങ്കിൽ കന്നഡയുടെ കോകിയും തമിഴിൻ്റെ ചിന്നക്കുയിലും കൂടിയാണ്. തെന്നിന്ത്യയിൽ മാത്രമൊതുങ്ങാതെ ബോളിവുഡിലും തൻ്റെ മാസ്മരിക ശബ്ദം കൊണ്ട് അമ്പരപ്പിച്ചിട്ടുണ്ട് മലയാളികളുടെ അഹങ്കാരമായ കെഎസ് ചിത്ര.

അഞ്ചര വയസ്സിൽ ആകാശവാണിയിലൂടെ മലയാളികൾക്ക് പരിചിതമായ ശബ്ദം 1979ൽ അട്ടഹാസം എന്ന സിനിമയിലൂടെയാണ് പിന്നണി ഗാന രംഗത്തേക്ക് ചുവട് വെയ്ക്കുന്നത്. തമിഴിൽ ഇളയരാജ സംഗീത സംവിധാനം ചെയ്ത നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതൊടെ തെന്നിന്ത്യയിലെ തിരക്കുള്ള ഗായികയായി കെ എസ് ചിത്ര മാറി. 6 തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ചിത്ര ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നും വിശേഷിപ്പിക്കപ്പെടുന്നു.

ദേശീയ പുരസ്കാരങ്ങൾക്ക് പുറമെ തെന്നിന്ത്യൻ സംഗീത ലോകത്ത് നിന്നും എണ്ണിയാലൊതുങ്ങാത്തെ പുരസ്കാരങ്ങളും ചിത്ര നേടിയിട്ടുണ്ട്. 8 ഫിലിംഫെയർ അവാർഡുകൾ, വിവിധ സംസ്ഥനങ്ങളിൽ നിന്ന് 36 തവണ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം എന്നിവ കെ എസ് ചിത്ര നേടിയിട്ടുണ്ട്. മലയാളത്തിൻ്റെ വാനമ്പാടിയായി വാഴ്ത്തുമ്പോഴും 1986ൽ സിന്ധുഭൈരവി എന്ന ചിത്രത്തിലെ പാടറിയേൻ പഠിപ്പറിയേൻ എന്ന ഗാനത്തിലൂടെയാണ് കെ എസ് ചിത്ര തൻ്റെ ആദ്യ ദേശീയപുരസ്കാരം സ്വന്തമാക്കിയത്.

2005ൽ രാജ്യം പത്മശ്രീ നൽകിയും 2021ൽ പത്മഭൂഷൻ നൽകിയും രാജ്യം ചിത്രയെന്ന അതുല്യപ്രതിഭയെ ആദരിച്ചു. ഇതിന് പുറമെ ബ്രിട്ടീഷ് പാർലമെൻ്റിലെ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ച ആദ്യ ഇന്ത്യൻ ഗായിക. ചൈന സർക്കാരിൻ്റെ ബഹുമതി നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക എന്നീ ബഹുമതികൾക്കും കെ എസ് ചിത്ര അർഹയായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :