കെ ആര്‍ അനൂപ്|
Last Modified ശനി, 11 മാര്‍ച്ച് 2023 (10:14 IST)
ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ശ്വാസം മുട്ടുകയാണ് കൊച്ചി. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി മാറുകയാണ്. സിനിമ താരങ്ങളും തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. നടന്‍ കണ്ണന്‍ സാഗര്‍ പ്രതികരണം സോഷ്യല്‍ മീഡിയയിലൂടെ രേഖപ്പെടുത്തിയിരിക്കുകയാണ്.
കണ്ണന്‍ സാഗറിന്റെ വാക്കുകളിലേക്ക്
കെട്ടടങ്ങാതെ മാലിന്യത്തിലെ തീ, അതില്‍നിന്നും ഉയരുന്ന പുകശ്വസിച്ചു ആയിരങ്ങള്‍ക്ക് അസ്വസ്ഥത, പലരും നഗരംവിട്ടു ദൂരെയുള്ള ബന്ധുജനങ്ങളുടെ അടുത്തേക്ക് പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍, സുഹൃത്തുക്കളായ പലരേയും വിളിച്ചു ക്ഷേമം അന്വേഷിക്കുന്നക്കൂടെ അവരും പറയുന്നു ഒരു വല്ലാത്ത അവസ്ഥയാണ് ഇവിടെ, ശുദ്ധവായൂ മറഞ്ഞു പത്തുവലിവിലിക്കുമ്പോള്‍ ഒരു ചുമയും ചെറിയ തടസവും ഉണ്ടാവുന്നു,
കുട്ടികള്‍, മുതിര്‍ന്നവര്‍, വൃദ്ധരായവര്‍, രോഗികള്‍, നല്ല ആരോഗ്യമുള്ളവര്‍ വരെ ബുദ്ധിമുട്ടുന്നു...
ഉത്തരം പറയേണ്ടവര്‍ പരസ്പരം കൊഞ്ഞനം കുത്തി ഉദ്യോഗസ്ഥരെ പഴിയും പറഞ്ഞു, കോണ്‍ട്രാക്ട് എടുത്തവര്‍ കൊള്ളാത്തവരെന്നും, മാറ്റവരാരുന്നേല്‍ നന്നായിരുന്നേനെ എന്നു കുറ്റപ്പെടുത്തിയും പതിവുപോലെ ഇതും അങ്ങനങ്ങു പോകും...
പക്ഷേ നിരപരാധികളായ കുറേ മനുഷ്യര്‍ രാഷ്ട്രീയത്തെയോ, ഭരണത്തിലോ, അധികാരതലങ്ങളില്‍ കയ്യേറാതെയും, ശാന്തവും സ്വസ്ഥാവുമായ ജീവിതം കെട്ടിപ്പടുക്കുവാനും, സഹജീവികളുടെ ക്ഷേമത്തില്‍ ദോഷം വരുത്താതെ, ദീര്‍ഘമായ ഒരു ജീവിതനിലവാരം കാത്തു സൂക്ഷിക്കുവാനുമായി ഈ നഗരഹൃദയം സ്വന്തം ഹൃദയതുടിപ്പായി കൊണ്ടുനടക്കുന്നവര്‍ ധാരാളമുണ്ട്, നിര്‍ദോഷികളായ ഈ പച്ചമനുഷ്യരുടെ ശാപം അതങ്ങു ഏതെറ്റംവരെ പോകുമെന്ന് നിര്‍വ്വചനീയമാണ്...
കാലങ്ങളായി ഇവിടുത്തെ മാലിന്യസംസ്‌കരണത്തെക്കുറിച്ചു നൂതനങ്ങളായ പല പദ്ധതികളും കൊണ്ടുവന്നിട്ടും അത് ഒന്ന് നന്നായി പഠിച്ചു നടപ്പാക്കാന്‍ ആരാണ് തടസമെന്നു നഗരവാസികള്‍ തിരിച്ചറിയണം, അധികാരം കിട്ടിയാല്‍ പിന്നെ കുടുംബത്തെപ്പോലും മറക്കുന്ന ഇവരൊക്കെ ജനങ്ങളുടെ കാര്യത്തില്‍ എന്തു ചെയ്യാനാണ്, ഉദ്യോഗസ്ഥരായിട്ടുള്ള ചിലരാണ് തടസമെന്നു ഒരു വിഭാഗം, അതല്ല മറുപക്ഷത്തുള്ളവരാണ് യഥാര്‍ത്ഥ തടസമെന്നു മറു വിഭാഗം,
ഒന്നോര്‍ത്താല്‍ നന്ന് നിങ്ങള്‍ ചെയ്തുകൂട്ടുന്ന അധികാര ഗര്‍വ്വിന്റെ മറവിലുള്ള ഈ സാമ്പത്തിക മോഹങ്ങള്‍ക്ക് നിങ്ങളുടെ കുടുംബവും, ബന്ധുജനങ്ങളും, പ്രിയപ്പെട്ട സുഹൃത്തുക്കളും അവരുടെ കുടുംബവും ബലിയാടുകള്‍ ആകുന്നു, കൂടെ മാറാരോഗികളും...
കൊച്ചി വീണ്ടും നിറഞ്ഞപ്പുകയില്‍ ചീഞ്ഞു നാറുന്നു എന്നൊരു തലക്കെട്ടുകണ്ടു, അഴുക്കിന്റെ ഭാണ്ഡങ്ങള്‍ കുത്തിനിറച്ച പ്ലാസ്റ്റിക് കവറുകളും ചാക്കുകളും പൊട്ടിയപാത്രങ്ങളും കൊണ്ടു നടവഴികളും, വെളീപ്രദേശങ്ങളിലും മാലിന്യം അടുക്കി ഭദ്രമായി വെച്ചിരിക്കുന്നു, മാസ്‌ക് വെച്ച് മൂക്ക് പൊത്തി നടന്നിരുന്നവര്‍ ഇപ്പോള്‍ മാസ്‌കിന്റെ എണ്ണം കൂട്ടി മുഖം മുഴുവനായി മറച്ചു നടക്കേണ്ട അവസ്ഥയെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞുള്ള അറിവ്,
ലോകം അറിയുന്ന, നാനാ രാജ്യത്തെ സഞ്ചാരികളുടെ പറുദീസയെന്നും സ്വപ്നതുല്യമായ കാഴ്ചകളുടെ താഴ് വാരമെന്നും ഒക്കെ കൊട്ടിക്കൊഷിച്ചു ഈ നാട്ടിലേക്ക് ടൂറിസ്റ്റുകളെ കൊണ്ടുവരുവാന്‍ ഒരു ഭാഗത്തു കുറെയേറെ പേര് നാം പോലും അറിയാതെ നിത്യേന പണിയെടുക്കുന്നു, അത് വിജയം കണ്ടു തുടങ്ങുകയും ചെയ്തിരുന്നു, അതില്‍ പ്രധാനകേന്ദ്രങ്ങളില്‍ ഒന്നാണ് കൊച്ചിയും...
എന്റെ ജീവിതത്തിന്റെ നല്ലൊരു ശതമാനവും ചിലവഴിച്ച, ഇപ്പോഴും സജീവമായി വന്നുനിന്ന് പോകുന്ന നഗരമാണ് പ്രിയപ്പെട്ട കൊച്ചി, ഇവിടുത്തെ നിവാസികള്‍ സ്‌നേഹസമ്പന്നരാണ്, സഹായിക്കുന്നവരാണ്, അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവരാണ്, ഗുരുതുല്യവരായവരും, കൂടെ ചേര്‍ത്തുനിര്‍ത്തുകയും,തൊഴില്‍പരമായ ഒരുപാട് സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്ന സഹോദര തുല്യരായ പ്രിയപ്പെട്ടവരുണ്ട് അവരുടെ കുടുംബങ്ങളുണ്ട് ഇവിടെ, അവര്‍ക്കു ഒരു കഷ്ട്ടതവന്നാല്‍ രണ്ടുവാക്കു ഞാനായിട്ട് പറഞ്ഞില്ലേല്‍ നന്ദികേടിനു കയ്യും കാലും വെച്ചപോലെയാകും...
ഹരീഷ് പേരടിയുടെ ഒരു പോസ്റ്റു കണ്ടു, അതില്‍ അദ്ദേഹം ഒരു അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്,
' ഇവിടെ തിരഞ്ഞെടുത്തവരാണ് യഥാര്‍ത്ഥ വേസ്റ്റ്, അത് ആദ്യം നിര്‍മ്മാര്‍ജ്ജനം ചെയ്യണം'