കുട്ടിക്കാലത്തെ അച്ഛനെ നഷ്ടപ്പെട്ടു, വേദന കുട്ടിയായ എന്നെയോര്‍ത്ത്,'നീ എങ്ങനെ ജീവിക്കും മോനേ'; ആശുപത്രിക്കിടക്കയില്‍ അപ്പന്‍ ചോദിച്ചെന്ന് കണ്ണന്‍ സാഗര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 18 ജൂണ്‍ 2022 (10:06 IST)
കുട്ടിക്കാലത്തെ നഷ്ടപ്പെട്ട അച്ഛന്റെ ഓര്‍മ്മകളിലാണ് മിനിസ്‌ക്രീന്‍ താരം കണ്ണന്‍ സാഗര്‍.സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോഴും അച്ഛന്‍ ചോദിച്ചത് നീ എങ്ങനെ ജീവിക്കും മോനേയെന്നാണെന്നും കുഞ്ഞായ തന്റെ കാര്യത്തില്‍ അപ്പന്‍ വേദനിച്ചിരുന്നുവെന്ന് കണ്ണന്‍ കുറിക്കുന്നു.

കണ്ണന്‍ സാഗറിന്റെ വാക്കുകള്‍

സൂര്യനായി തഴുകി ഉറക്കമുണര്‍ത്തുമെന്‍ അച്ഛനെയായിനിക്കിഷ്ട്ടം, ഞാനൊന്ന് കരയുമ്പോള്‍ അറിയാതെ ഉരുകുമെന്‍ അച്ഛനെയാനിക്കിഷ്ട്ടം, അപ്പനെന്ന ദൈവത്തെ ഓര്‍ക്കാന്‍ ഇതിലും വലിയ വരികള്‍ ഓര്‍മ്മയില്‍ വരുന്നില്ല...

എന്റെ ബാല്യത്തിലേ യാത്രയായി എന്റെ അപ്പന്‍, പക്ഷേ അപ്പന്നുള്ള ദിനങ്ങള്‍ ഞാന്‍ വേണ്ടുവോളം ആസ്വദിച്ചു ഇളയവനായ എന്നോട് കൂടുതല്‍ വാത്സല്യം കാട്ടിയിരുന്നു എന്റെ കൊച്ചു ശാട്യങ്ങള്‍ക്ക് വഴങ്ങിയിരുന്നു, ഒരു സാധാരണ കൂലിപ്പണിക്കാരനായിരുന്ന എന്റെ അപ്പന്‍ സന്ധ്യക്കഴിഞ്ഞു വീട്ടില്‍ വരുമ്പോള്‍ ഞാന്‍ ഓടിവരും കയ്യില്‍ പൊതിവല്ലതുമുണ്ടോ എന്നു നോക്കും, ബോണ്ടയും പരിപ്പുവടയോ ഉള്ളിവടയോ അങ്ങനെ എന്തേലും അപ്പന്‍ കയ്യില്‍ കരുതും ഇല്ലേല്‍ സമാധാനകേട് അപ്പനും അമ്മയ്ക്കും ഉറപ്പാണ്,..

പക്ഷേ ഒരുപാട് അപ്പന്‍ സ്‌നേഹിക്കുമ്പോഴും ഞാനെന്ന ചെറുത് അറിഞ്ഞിരുന്നില്ല താമസിയാതെ അപ്പന്‍ യാത്രയാകുമെന്ന്, സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോഴും അപ്പന്‍ എന്റെ തലയില്‍ തലോടികൊണ്ട് ചോദിച്ചിരുന്നു 'നീ എങ്ങനെ ജീവിക്കും മോനേയെന്നു' കുഞ്ഞായ എന്റെ കാര്യത്തില്‍ അപ്പന്‍ വേദനിച്ചിരുന്നു ഞാന്‍ അപ്പോഴും പറഞ്ഞു, അപ്പന്റെ അസുഖം വേഗം മാറട്ടെ അപ്പന്നുള്ളപ്പോള്‍ ഞാന്‍ എന്തിന് പേടിക്കണം എനിക്ക് ജീവിക്കാന്‍ കൂടെ അപ്പന്‍മതി,..

രണ്ടോ മൂന്നോ നാളുകള്‍ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കരള്‍രോഗ സംബദ്ധമായി രോഗം മൂര്‍ശ്ചിച്ചു അപ്പന്‍ യാത്രയായി...

അപ്പനോടുള്ള എന്റെ കൊതിതീരാത്ത സ്‌നേഹം തീരണമെങ്കില്‍ ഞാനും ഈ മണ്ണില്‍ ലയിക്കണം..

മക്കളെപോറ്റുന്ന, പോറ്റി ജീവിതം തീരുന്ന, പുറത്തുകാട്ടാതെ വേദനകള്‍ ഉള്ളിലൊതുക്കി മക്കള്‍ക്കായി ജീവിതം ഹോമിക്കുന്ന മനസുള്ള സ്‌നേഹമുള്ള വാത്സല്യമുള്ള സകല ഉപ്പമാര്‍ക്കും, അച്ഛന്മാര്‍ക്കും, അച്ചാച്ചന്മാര്‍ക്കും, പിതാക്കന്മാരായിട്ടുള്ള എല്ലാവരെയും ഓര്‍ക്കുന്നു നന്മകള്‍ നേരുന്നു...

ഇന്ന് ഞാനും ഒരു പിതാവ്, മക്കള്‍ക്കും കുടുംബത്തിനുമായി തുഴയുന്നു ജീവിതം അങ്ങനെ ഇഴയുന്നു...ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :