സുഹൃത്തായ നടിക്ക് അശ്ലീലസന്ദേശം അയച്ചയാളെ മർദ്ദിച്ച് കൊലപ്പെടുത്തി, കന്നഡ സൂപ്പർ താരം ദർശൻ അറസ്റ്റിൽ

Photo Courtesy: Twitter
അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (13:00 IST)
കന്നഡ സൂപ്പര്‍ താരം ദര്‍ശനെ കൊലപാതകകേസില്‍ ബെംഗളുരു പോലീസ് അറസ്റ്റ് ചെയ്തു. രേണുക സ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു. ഈ മാസം എട്ടിനാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമി കൊലചെയ്യപ്പെട്ടത്. ഒന്‍പതാം തീയ്യതി കാമാക്ഷിപാളയത്തെ ഓടയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.


സംഭവവുമായി ബന്ധപ്പെട്ട് മൈസൂരിലെ ഫാംഹൗസില്‍ വെച്ചാണ് ദര്‍ശനെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. 47കാരനായ നടന് കേസില്‍ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഡിസിപി നേരത്തെ അറിയിച്ചിരുന്നു. കാമാക്ഷിപാളയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ തിങ്കളാഴ്ച ഗിരിനഗറില്‍ നിന്നുള്ള 3 പേര്‍ പോലീസിന് മുന്നില്‍ തങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് കീഴടങ്ങിയിരുന്നു. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന് പിന്നിലുള്ള യഥാര്‍ഥ കാരണം വ്യക്തമായത്.


രേണുക സ്വാമി അയച്ച അശ്ലീല സന്ദേശങ്ങളെപറ്റി അറിഞ്ഞ ദര്‍ശന്‍ ചിത്രദുര്‍ഗയിലെ തന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് രേണികസ്വാമിയെ ചിത്രദുര്‍ഗയില്‍ നിന്നും സിറ്റിയില്‍ ഒരിടത്ത് എത്തിച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :