സുരേഷ് ഗോപിയുടെ ജന്മദിനം ആഘോഷമാക്കാന്‍ കാവല്‍ ടീം; ടീസര്‍ നാളെ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ജൂണ്‍ 2020 (12:29 IST)
ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ജന്മദിനം നാളെയാണ് (ജൂൺ 26). ഈ സ്പെഷ്യൽ ദിനത്തിൽ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ കാവലിൻറെ ടീസർ റിലീസ് ചെയ്യും. ആരാധകർക്ക് സുരേഷ് ഗോപിയുടെ ജന്മദിനം ആഘോഷമാക്കുവാനായാണ് അണിയറ പ്രവർത്തകർ നാളെ തന്നെ ടീസർ പുറത്തുവിടുന്നത്.

നിതിൻ രണ്‍‌ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി മാസ്സ് വേഷത്തിലേക്ക്
മടങ്ങിവരുന്ന ചിത്രം കൂടിയാണിത്. ആക്ഷൻ ഫാമിലി എന്റർടെയ്‌നർ ചിത്രമായിരിക്കും കാവൽ. ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം രണ്‍‌ജിപണിക്കർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സായ ഡേവിഡ്, അലൻസിയർ ലേ ലോപ്പസ്, ഐ എം വിജയൻ, സുജിത്ത് ശങ്കർ, കിച്ചു ടെല്ലസ്, ബിനു പപ്പു, സന്തോഷ് കീഴത്തൂർ, മുത്തുമണി, പത്മരാജ് രതീഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്.

കാവലിൻറെ ചിത്രീകരണം ഇതുവരെ പൂർത്തിയായിട്ടില്ല.
ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ചിത്രം പൂർത്തിയാകുന്ന ഘട്ടത്തിലായിരുന്നു. സിനിമ സംഘത്തിന് ഇനിയും 10 ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കഴിഞ്ഞാൽ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡബ്ബിംഗ് ജോലികൾ ഉൾപ്പെടെയുള്ള പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചുകഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :