ഇനി ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇല്ല; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ജോജു ജോര്‍ജ്

രേണുക വേണു| Last Modified ചൊവ്വ, 2 നവം‌ബര്‍ 2021 (15:59 IST)

സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് നടന്‍ ജോജു ജോര്‍ജ്. കഴിഞ്ഞ ദിവസം ദേശീയ പാതയിലുണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ കാരണം. അക്കൗണ്ടുകള്‍ സ്വന്തം ഇഷ്ടപ്രകാരം നീക്കം ചെയ്തതാണെന്ന് ജോജുവിനോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഏറെ സജീവമായിരുന്ന ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് നടന്‍ ഡീലിറ്റ് ചെയ്തത്. തന്നെ സ്നേഹിക്കുന്ന പ്രേക്ഷക മനസില്‍ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ അത് പങ്കുവയ്ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അറിയിച്ചത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തല്‍ക്കാലത്തേക്ക് വേണ്ട എന്നാണ് താരത്തിന്റെ നിലപാട്.

വൈറ്റില സംഭവങ്ങള്‍ക്കു പിന്നാലെ നടന്‍ ജോജു ജോര്‍ജ്ജിന്റെ ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ ജോജു പ്രതികരിച്ചതിനു പിന്നാലെ താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഫെയ്‌സ്ബുക്ക് പേജ് കാണാനില്ല. കോണ്‍ഗ്രസ് അനുകൂലികള്‍ ജോജുവിന്റെ പേജ് ഹാക്ക് ചെയ്തതാകാമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, താരം സ്വയം നീക്കം ചെയ്തതാണെന്ന് ഇപ്പോള്‍ വ്യക്തമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :