ഇതാണ് എനിക്ക് ചേരുന്ന വേഷം: മനസു തുറന്ന് ജോജു ജോർജ് !

Last Modified ശനി, 7 സെപ്‌റ്റംബര്‍ 2019 (16:39 IST)
ഏറെ കാലത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ജോജു ജോർജ് എന്ന നടൻ മലയാള സിനിമയിലെ ശ്രദ്ധേയനായ ഒരു അഭിനയതാവായി മാറിയത്. വർഷങ്ങളോളംനീണ്ട കഠിനാധ്വാനം കൊണ്ടാണ് താരം സിനിമയിൽ സ്വന്തം ഇടം കണ്ടെത്തിയത്. അടുത്തിടെ വെനീസ് ചലച്ചിത്ര മേളയിലെ റെഡ് കാർപ്പറ്റിൽ മുണ്ടുടുത്ത് താരം പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ അക്കാര്യങ്ങളെ കുറിച്ചെല്ലാം മനസു തുറന്നിരിക്കുകയാണ് ജോജു. താൻ മുണ്ടുടുത്തതല്ല സനൽ കുമാർ ശശിദരന്റെ ചോല എന്ന സിനിമയെ കുറിച്ചാണ് സംസാരിക്കേണ്ടത് എന്ന് ജോജു പറയുന്നു. 'സിനിമയാണ് മുൻപന്തിയിൽ നിൽക്കേണ്ടത്. ഞാൻ എന്ത് വേഷം ധരിച്ചു എന്നതൊന്നും വലിയ കാര്യമല്ല. 1500ഓളം ആളുകൾക്ക് ഇരിക്കാവുന്ന വലിയ തീയറ്ററിലാണ് മേളയിൽ ചോല പ്രദർശിപ്പിച്ചത്. പ്രേക്ഷകരും ജൂറിയുമെല്ലാം നിറഞ്ഞ കയ്യടിയോടെയാണ് ചോലയെ സ്വീകരിച്ചത്.

മേളയിൽ മുണ്ടുടുത്തതിനെ കുറിച്ചും ജോജു തുറന്നു സംസാരിച്ചു. ഞാൻ ഒരു മലയാളിയാണ് എന്റെ ശരീര പ്രകൃതത്തിന് ഏറ്റവും യോജിച്ചത് മുണ്ടാണെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് മുണ്ടുടുത്തത്. മുണ്ടുടുത്തത് വലിയ ചർച്ചയായി മാറും എന്നൊന്നും ഞാൻ കരുതിയില്ല. അതിനേക്കാൾ ഞാൻ കേൾക്കാൻ ഇഷ്ടപ്പെടുന്നത് മേളയിൽ ചോല എന്ന ശ്രദ്ധിക്കപ്പെട്ടു എന്നതാണ്. ജോജു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :