നിഹാരിക കെ.എസ്|
Last Modified ബുധന്‍, 19 നവംബര്‍ 2025 (16:22 IST)
മലയാളത്തിലെ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. സിനിമയ്ക്ക് ഇന്നും വമ്പൻ ഫൻബേസ് ആണുള്ളത്. സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഒരു സാധാരണ സിനിമയാണ് ദൃശ്യം 3 എന്നും അമിത പ്രതീക്ഷ ആരും വെക്കരുതെന്നും വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
ദശ്യം 2 വിനേക്കാൾ മികച്ചതായിരിക്കണം ദൃശ്യം 3യെന്ന് തന്നോട് പലരും പറഞ്ഞിരുന്നുവെന്നും എന്നാൽ സിനിമ ഹിറ്റാക്കാൻ വേണ്ടി താൻ പ്രത്യേകം ഒന്നും ചെയ്യുന്നില്ലെന്നും ജീത്തു പറഞ്ഞു. സ്‌ക്രീനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എനിക്ക് ഫ്രാഞ്ചൈസി എന്ന് പറയാൻ ദൃശ്യം മാത്രമേയുള്ളൂ. അതിനെ ഞാൻ വളരെ ഓർഗാനിക്കായിട്ടാണ് സമീപിച്ചത്. അത് തന്നെയാണ് ദൃശ്യം 2 വിലും 3 യിലും സംഭവിക്കാൻ പോകുന്നത്. ദൃശ്യം 2 വിനേക്കാൾ ഒരു മികച്ച കഥയായിരിക്കണം ദൃശ്യം 3യുടേത് എന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അങ്ങനെ സിനിമ ഹിറ്റാക്കാൻ വേണ്ടി ഞാൻ ഒന്നും ചെയ്യുന്നില്ല. ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജോർജുകുട്ടിയേയും കുടുംബത്തെയുമാണ്. 7 വർഷങ്ങൾക്ക് ശേഷം അവരുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചുവെന്നതാണ്.
ജോർജുകുട്ടിയുടെ കഥാപാത്രം ഒരുപോലെ തുടരുന്ന രീതിയിലാണ് കഥ ഒരുക്കിയിരിക്കുന്നത്. മക്കളുടെ കഥാപാത്രമാണ് മാറികൊണ്ടിരിക്കുന്നത്. അതുപോലെ ദൃശ്യം 2വിലേക്ക് വരുമ്പോൾ ജോർജുകുട്ടി നിരപരാധിയാണ് എന്ന് കരുതിയ നാട്ടുകാർ അങ്ങനെ അല്ലെന്ന് ചിന്തിക്കുന്നുണ്ട്. ഇതൊക്കെ തന്നെയാണ് ദൃശ്യം 3യിലും. അല്ലാതെ ദൃശ്യം 2 ഹിറ്റായതുകൊണ്ട് മൂന്നാം ഭാഗം ഹിറ്റടിപ്പിക്കാൻ വേണ്ടി ഞാൻ എന്തെങ്കിലും ചെയ്യുന്നില്ല. ജോർജുകുട്ടിയേയും കുടുംബത്തെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. അത് സിനിമ വരുമ്പോൾ മനസിലാകും. ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. രണ്ടിൽ നിന്നും അല്പം വ്യത്യസ്തമാണ് മൂന്നാം ഭാഗവും,' ജീത്തു ജോസഫ് പറഞ്ഞു.