തുടർച്ചയായി 16 സിനിമകളെ വരെ പരാജയപ്പെട്ട ചരിത്രമുണ്ടെനിക്ക്, സെൽഫി പരാജയത്തെ പറ്റി അക്ഷയ് കുമാർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (20:55 IST)
കഴിഞ്ഞ കുറച്ച് വർഷക്കാലമായി ബോളിവുഡിൽ തന്നെ ഏറ്റവും താരമൂല്യം ഉണ്ടായിരുന്ന താരമാണ് അക്ഷയ് കുമാർ. ബയോപിക് ചിത്രങ്ങളിലും ദേശഭക്തി പ്രമേയമായ ചിത്രങ്ങളിലൂടെയും ഹിറ്റുകൾ കൊയ്ത അക്ഷയ് കുമാറിന് പക്ഷേ 2022 മോശം വർഷമായിരുന്നു. തുടർച്ചയായി സിനിമകളിറങ്ങിയെങ്കിലും വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ താരത്തിൻ്റെ ഒരു സിനിമയ്ക്കും സാധിച്ചിരുന്നില്ല.

ഈ വർഷവും താരത്തിൻ്റെ പരാജയ ചിത്രങ്ങളുടെ പട്ടിക നീളുകയാണ്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സെൽഫീ എന്ന ചിത്രമാണ് ഒടുവിൽ ബോക്സോഫീസിൽ തകർന്നത്. ഇതിന് മുൻപ് റിലീസ് ചെയ്ത സാമ്രാട്ട് പൃഥ്വിരാജ്,രക്ഷാബന്ധൻ,രാം സേതു എന്നീ ചിത്രങ്ങളും വലിയ പരാജയങ്ങളായിരുന്നു. ഇതോടെ സിനിമയുടെ പരാജയത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് താരം.

സിനിമകളെ പറ്റി താൻ ആത്മപരിശോധന ചെയ്യേണ്ട സമയമായെന്ന് അക്ഷയ്കുമാർ തന്നെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തൻ്റെ സിനിമകൾ തുടർച്ചയായി ബോക്സോഫീസിൽ പരാജയമാകുന്നത് ഇതാദ്യമായല്ലെന്നും കരിയറിൽ 16 സിനിമകൾ തുടർച്ചയായി പരാജയപ്പെട്ട അവസ്ഥ തനിക്കുണ്ടായിട്ടുണ്ടെന്നും ഈ സമയവും കടന്നുപോകുമെന്നും താരം പറഞ്ഞു. പ്രേക്ഷകർ മാറിയിട്ടുണ്ട്. സിനിമകൾ പരാജയമാകുന്നത് എൻ്റെ പിഴവാണ്. പ്രേക്ഷകർക്കൊപ്പം താനും മാറേണ്ട സമയമായെന്നും താരം വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :