Mammootty: നടനെയും താരത്തെയും ചേര്‍ത്തുപിടിച്ചൊരു ട്രപ്പീസ് കളി അഥവാ മമ്മൂട്ടി !

'മമ്മൂട്ടിക്കു മടുക്കുന്നില്ലേ?' എന്നതൊരു ചോദ്യമാണ്

രേണുക വേണു| Last Modified ചൊവ്വ, 4 നവം‌ബര്‍ 2025 (11:25 IST)

Mammootty: 'നമുക്കൊക്കെ പറ്റിയ പുതിയ വല്ല എഴുത്തും കൈയിലുണ്ടോടോ' എന്ന് ഒരു യുവ തിരക്കഥാകൃത്തിനോടു ചോദിക്കുന്ന മമ്മൂട്ടിയെ എനിക്കറിയാം. സമീപകാലത്തിറങ്ങിയ ഒരു യുവസംവിധായകന്റെ സിനിമ ഇഷ്ടപ്പെട്ട ശേഷം ആ സിനിമയുടെ ടീമിനെ വീട്ടിലേക്കു വിളിച്ചു വിരുന്ന് കൊടുത്ത മമ്മൂട്ടിയെയും അറിയാം. ഉറപ്പായും ആ സംവിധായകനോടു മമ്മൂട്ടി പറഞ്ഞു കാണും, 'ഇതുപോലെയുള്ള നല്ല പ്രൊജക്ടുകളിലേക്കു നമ്മളെ കൂടി വിളിക്കടോ,' എന്ന്. കടുത്ത സിനിഫൈല്‍സ് പോലും സ്‌കിപ്പ് ചെയ്യുന്ന ഓഫ് ബീറ്റ് ചിത്രങ്ങള്‍ പോലും കാണുകയും ഇഷ്ടപ്പെട്ടാല്‍ സംവിധായകനെ വിളിച്ചു അനുമോദിക്കുകയും ചെയ്യുന്ന മമ്മൂട്ടിയെ കുറിച്ചും കേട്ടിട്ടുണ്ട്.

'മമ്മൂട്ടിക്കു മടുക്കുന്നില്ലേ?' എന്നതൊരു ചോദ്യമാണ്. നിങ്ങള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട കരിയര്‍, ഏറെ ഉത്സാഹത്തോടെ പ്രവേശിച്ച പ്രൊഫഷണ്‍...!എന്നിട്ടും അതിലൊരു 25 വര്‍ഷം യാതൊരു മടുപ്പുമില്ലാതെ തുടക്കത്തിലെ അതേ ഉത്സാഹത്തില്‍ തുടരുക എളുപ്പമുള്ള കാര്യമാണോ? അവിടെയാണ് മമ്മൂട്ടിയെന്ന കരിയറിസ്റ്റ് അത്ഭുതപ്പെടുത്തുന്നത്. ഏതാണ്ട് അരനൂറ്റാണ്ടായി അഭിനയം തുടങ്ങിയിട്ട്. 'മമ്മൂട്ടിയുടെ മികച്ച നാല് വേഷങ്ങള്‍ പറഞ്ഞേ' എന്ന് ആരോടെങ്കിലും 2031 ല്‍ ചോദിച്ചാല്‍ അയാള്‍ പറയുന്ന നാലില്‍ മൂന്നെണ്ണമെങ്കിലും 2028 നും 2031 നും ഇടയില്‍ ഉള്ളതായിരിക്കണമെന്ന പിടിവാശിയുണ്ട് മമ്മൂട്ടിക്ക്. ഒരു നടനിലേക്ക് എത്തുമ്പോള്‍ മടുപ്പില്ലാതെ ഈ പണി തുടരാന്‍ കരിയറിസ്റ്റ് മാത്രമായാല്‍ പോരാ, മറിച്ച് മുന്‍പ് പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ ആകൃതിയോ പ്രകൃതിയോ ഇല്ലാതെ പുതിയ കഥാപാത്രങ്ങളെ പുള്‍ ഓഫ് ചെയ്യാനുള്ള അപാരമായ സൂക്ഷ്മതയും വേണം. ഒരു ശരാശരി നടനായിരിക്കുകയും സ്‌ക്രീന്‍ പ്രസന്‍സും കരിസ്മയും വേണ്ടുവോളം ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കൊരു താരമായി തുടരാന്‍ എളുപ്പമാണ്. മികച്ചൊരു നടനായതുകൊണ്ട് മാത്രം നിങ്ങള്‍ക്കു വര്‍ഷങ്ങളോളം ഒരു നടനായി തുടരാനും സാധിച്ചേക്കും. എന്നാല്‍ ഇത് രണ്ടിനെയും യാതൊരു മടുപ്പുമില്ലാതെ ഒരുപോലെ കൊണ്ടുപോകുന്ന 'മമ്മൂട്ടി മാജിക്' ഒരു സ്റ്റഡി മെറ്റീരിയല്‍ ആണ്. ഇനി അങ്ങനെയൊരു റിസ്‌ക് എടുക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അവര്‍ക്കൊക്കെ മമ്മൂട്ടിയാകാനും കഴിയുമോ എന്നതും തര്‍ക്കവിഷയമാണ്. അങ്ങനെയൊരു ട്രപ്പീസ് കളിയാണ് മമ്മൂട്ടി കരിയറില്‍ ഉടനീളം നടത്തിയിരിക്കുന്നത്. കരിയറിലെ ഏറ്റവും മോശം സമയത്ത് പോലും ഈ ട്രപ്പീസ് കളിക്ക് മൂപ്പര് ബ്രേക്കിട്ടിട്ടില്ല..!

എല്ലാവരും പറയുന്നുണ്ട്, 'മമ്മൂട്ടി മത്സരിക്കുന്നത് യുവനടന്‍മാരോടാണ്' എന്ന്. യഥാര്‍ഥത്തില്‍ മമ്മൂട്ടി മത്സരിക്കുന്നത് മമ്മൂട്ടിയോടു തന്നെയാണ്. തന്നിലെ നടന്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്‍പു ചെയ്ത കഥാപാത്രങ്ങളോടു മല്ലയുദ്ധം നടത്തുകയാണ് മമ്മൂട്ടി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച 'ഒരു വടക്കന്‍ വീരഗാഥ' ഇന്ന് ചെയ്യുകയാണെങ്കില്‍ അഭിനയത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ഉറപ്പിച്ചു പറയുന്ന മമ്മൂട്ടി 'മമ്മൂട്ടി'യോടല്ലാതെ മറ്റാരോടാണ് മത്സരിച്ചുകൊണ്ടിരിക്കുന്നത് ! ഓര്‍ക്കണം, മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയ കഥാപാത്രത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇതെന്ന്..! സ്വയം പുതുക്കി, ആവര്‍ത്തനങ്ങള്‍ക്ക് സൂചിയിട നല്‍കാതെ 'മമ്മൂട്ടി സിറന്ത നടികര്‍' ആയി വാഴുന്നത് ഇങ്ങനെയൊക്കെയാണ്...!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :