അഭിറാം മനോഹർ|
Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (14:14 IST)
മലയാളത്തിൽ കോടീശ്വരൻ എന്ന ഹിറ്റ് പരിപാടിയുടെ ഇന്ത്യയിലെ ആദ്യരൂപം അവതരിപ്പിച്ചത് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ താരമായ അമിതാഭ് ബച്ചനായിരുന്നു. പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളിൽ പല സൂപ്പർ താരങ്ങളിലൂടെ ഈ പരിപാടിക്ക് വിവിധ പതിപ്പുകൾ വന്നു. നിരവധി പേരെ കോടീശ്വരന്മാരാക്കിയ ഈ പരിപാടി രക്ഷപ്പെടുത്തിയത് അവരെ മാത്രമല്ല. ഇന്ത്യയുടെ എക്കാലത്തെയും വലിയ സൂപ്പർ താരമായി പിന്നീട് കടക്കെണിയിൽ എല്ലാം നഷ്ടമാകും എന്ന അവസ്ഥയിൽ നിന്ന അമിതാഭ് ബച്ചനെ കൂടിയാണ്.
2000ലായിരുന്നു ഇന്ത്യൻ ടെലിവിഷനിൽ ചരിത്രം സൃഷ്ടിച്ച കോൻ ബനേഗ ക്രോർപതി എന്ന പരിപാടിയുടെ തുടക്കം. ഈ സമയത്ത് ഇന്ത്യയുടെ എക്കാലത്തെയും സൂപ്പർ സ്റ്റാർ താൻ ആരംഭിച്ച നിർമാണക്കമ്പനിയായ അമിതാഭ് ബച്ചൻ പ്രൊഡക്ഷൻ ലിമിറ്റഡ് വരുത്തിവെച്ച കടക്കെണിയിലായിരുന്നു. സിനിമകൾ ഒന്നും തന്നെ വിജയിക്കുന്നില്ല. സാമ്പത്തികമായി ഏറെ തകർന്നു നിന്ന സമയത്താണ് ബച്ചൻ മിനിസ്ക്രീനിൽ തൻ്റെ സാന്നിധ്യം അറിയിച്ചത്.
തുടർച്ചായി സിനിമകൾ തകർന്ന് നിന്ന സമയത്ത് മിനിസ്ക്രീനിലേക്ക് അമിതാഭിൻ്റെ പ്രവേശനം അമിതാഭിൻ്റെ സാമ്പത്തികമായ
കഷ്ടതകളെ പരിഹരിക്കുക മാത്രമല്ല അദ്ദേഹത്തെ വീണ്ടും ജനമനസ്സുകളിലേക്ക് തിരിച്ചെത്തിക്കുക കൂടി ചെയ്തു. ആ ഷോ ആരംഭിച്ചപ്പോൾ മുതൽ ലഭിച്ച സ്വീകരണം തൻ്റെ മുന്നിലേക്ക് പുതിയൊരു ജീവിതത്തിൻ്റെ വാതിൽ തുറന്നിടുകയായിരുന്നു എന്നാണ് പിന്നീട് ഇതിനെ പറ്റി ബിഗ് ബി പ്രതികരിച്ചത്.
കെബിസിയിലൂടെ ലഭിച്ച സ്വീകാര്യത മുതലാക്കി ഹീറോ വേഷങ്ങളിൽ നിന്നും സ്വഭാവ വേഷങ്ങളിലേക്ക് കൂടുമാറിയ ബിഗ് ബി പിന്നീട് മൊഹബത്തേനിലൂടെ സിനിമയിൽ വീണ്ടും സജീവമായി. ദേശീയ പുരസ്കാരങ്ങൾ, ബ്രഹ്മാസ്ത്ര, പ്രൊജക്ട് കെ തുടങ്ങിയ വമ്പൻ പ്രൊജക്ടുകൾ എന്നിവയിലൂടെ ഇന്നും ഇന്ത്യൻ സിനിമയിലെ ജ്വലിക്കുന്ന സാന്നിധ്യമാണ് അമിതാഭ് ബച്ചൻ.