രേണുക വേണു|
Last Modified ചൊവ്വ, 27 ജൂലൈ 2021 (12:03 IST)
മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച സിനിമയാണ് ഹരികൃഷ്ണന്‍സ്. അക്കാലത്തെ പ്രമുഖ താരം ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സിന്‍ നായികയായി എത്തിയത്. മലയാളത്തിലെ സൂപ്പര്‍താരങ്ങളെ കുറിച്ച് അടിമുടി അറിയുന്ന ഫാസിലാണ് ഹരികൃഷ്ണന്‍സ് സംവിധാനം ചെയ്തത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരേ പ്രാധാന്യം ലഭിക്കാന്‍ അളന്നുതൂക്കിയാണ് ഫാസില്‍ ഓരോ സീനുകളും തയ്യാറാക്കിയത്. എന്നാല്‍, സിനിമയുടെ ക്ലൈമാക്‌സ് വന്നപ്പോള്‍ ഫാസില്‍ വലിയ ആശയക്കുഴപ്പത്തിലായി.
ജൂഹി ചൗള അവതരിപ്പിക്കുന്ന മീര എന്ന കഥാപാത്രത്തെ ആരെങ്കിലും ഒരാള്‍ ജീവിതസഖിയായി സ്വീകരിക്കണം. മമ്മൂട്ടിയോ മോഹന്‍ലാലോ? ഹരിയോ കൃഷ്ണനോ? ഏതെങ്കിലും ഒരാള്‍ക്കല്ലേ നായികയെ സ്വീകരിക്കാന്‍ പറ്റൂ. ആ ഒരാള്‍ ആരായിരിക്കണമെന്ന് ഫാസില്‍ ആലോചിച്ചു. ഇരുവര്‍ക്കും അക്കാലത്ത് വലിയ ആരാധകവൃന്ദമുണ്ട്. അതുകൊണ്ട് ആരാധകരെ നിരാശപ്പെടുത്താന്‍ പറ്റില്ല. അങ്ങനെയാണ് മലയാള സിനിമയിലെ ആദ്യ ഇരട്ട ക്ലൈമാക്‌സ് ജനിക്കുന്നത്. ഹരികൃഷ്ണന്‍സിന് രണ്ട് ക്ലൈമാക്‌സാണ് ഫാസില്‍ ഒരുക്കിയത്. മോഹന്‍ലാലിന് കൂടുതല്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന തിരുവിതാംകൂര്‍ മേഖലയില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികാഭാഗ്യം മോഹന്‍ലാലിന്, മമ്മൂട്ടിക്ക് കൂടുതല്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന മലബാര്‍ മേഖലയില്‍ നായികാഭാഗ്യം മമ്മൂട്ടിക്ക് ! അതായിരുന്നു ഹരികൃഷ്ണന്‍സിന്റെ ഇരട്ട ക്ലൈമാക്സ്. സിനിമ സൂപ്പര്‍ഹിറ്റ് ആകുകയും ചെയ്തു.