Mammootty: മലയാളികളെ കരയിപ്പിച്ച 'പിതാവ്'; മമ്മൂട്ടിയുടെ മികച്ച അച്ഛന്‍ വേഷങ്ങള്‍, ഈ സിനിമകള്‍ കാണാതിരിക്കരുത്

ഉറ്റവരെയും ഉടയവരെയും നഷ്ടമായ ഗുജറാത്തി ബാലന് മാധവന്‍ വെറും 'ഓപ്പറേറ്റര്‍' മാത്രമല്ല, കുന്നോളം കരുതലും സ്നേഹവും നല്‍കുന്ന അച്ഛന്‍ കൂടിയാണ്

രേണുക വേണു| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (09:07 IST)

Mammootty: തിലകന്‍ കഴിഞ്ഞാല്‍ അച്ഛന്‍ വേഷങ്ങളില്‍ മലയാളിയെ ഞെട്ടിച്ച നടനാണ് മമ്മൂട്ടി. ഒരേസമയം കര്‍ക്കശക്കാരനും സ്നേഹനിധിയുമാകാന്‍ മമ്മൂട്ടിയിലെ അച്ഛന് സാധിച്ചിരുന്നു. അടക്കിപിടിച്ച വികാരവിക്ഷോഭങ്ങളുടെ സാഗരമായിരുന്നു മമ്മൂട്ടിയിലെ പിതൃവാല്‍സല്യം. ആ പിതൃവാല്‍സല്യത്തെ പ്രേക്ഷകര്‍ അതിന്റെ ഉച്ചസ്ഥായിയില്‍ കണ്ടത് പപ്പയുടെ സ്വന്തം അപ്പൂസിലാണ്. 1992 ല്‍ ഫാസില്‍ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസിലെ മമ്മൂട്ടിയുടെ അച്ഛന്‍ വേഷം പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി ഏറ്റെടുത്തു.

ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ച് കിടക്കുന്ന മകന്റെ മുഖത്ത് നോക്കി 'പപ്പ മോനെ സ്നേഹിച്ചിട്ടില്ലേ?' എന്ന് മമ്മൂട്ടി ഇടറിയ ശബ്ദത്തില്‍ ചോദിച്ചപ്പോള്‍ പ്രേക്ഷകന്റെ കണ്ണുനിറഞ്ഞു. തിയറ്ററുകളില്‍ മമ്മൂട്ടിയുടെ അച്ഛന്‍ വേഷത്തിനു ലഭിച്ച സ്വീകാര്യത ഞെട്ടിക്കുന്നതായിരുന്നു. 250 ദിവസങ്ങളോളം സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. 1992 ലെ ഓണക്കാലത്താണ് പപ്പയുടെ സ്വന്തം അപ്പൂസ് റിലീസ് ചെയ്യുന്നത്. അന്ന് മോഹന്‍ലാല്‍-ജഗതി കൂട്ടുക്കെട്ടില്‍ റിലീസ് ചെയ്ത യോദ്ധയോടാണ് പപ്പയുടെ സ്വന്തം അപ്പൂസ് മത്സരിച്ചു ജയിച്ചത്.

അമരത്തിലെ അച്ചൂട്ടിയെ മലയാളി എങ്ങനെ മറക്കും? മകളെ കുറിച്ചുള്ള അച്ചൂട്ടിയുടെ സ്വപ്നങ്ങള്‍ കടലുപോലെ വിശാലമാണ്. മകളോടുള്ള സ്നേഹം കടലിലെ തിരയിളക്കം പോലെ എപ്പോഴും സജീവമാണ്. മകള്‍ തന്നെ വിട്ടുപോയതിനു ശേഷം അച്ചൂട്ടിയിലെ പിതാവ് അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളും വേദനയും വളരെ ചെറിയ ഭാവംകൊണ്ട് പോലും മമ്മൂട്ടി അവിസ്മരണീയമാക്കി. വികാരനൗകയുമായി എന്ന പാട്ടിലെ രംഗങ്ങള്‍ മാത്രം മതി അതിനു ഉദാഹരണമായി എടുത്തുകാണിക്കാന്‍. 1991 ലാണ് അമരം റിലീസ് ചെയ്തത്. ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന്റെ സംവിധാനം.

പകയുടെ നെരിപ്പോടിനുള്ളില്‍ നീറിപുകയുമ്പോഴും ആന്റണിയില്‍ സ്നേഹനിധിയായ ഒരു പിതാവുണ്ട്. തനിക്ക് സ്വന്തമായി ആരുമില്ലെന്ന് വിശ്വസിച്ചു നടന്നിരുന്ന ആന്റണി മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ തന്റെ മകളാണെന്ന് അറിയുന്നു. എന്നാല്‍, ഈ മൂന്ന് പേരില്‍ ആരാണ് മകള്‍ എന്ന് ആന്റണിക്ക് അറിയില്ല. പ്രതികാര ദാഹിയായ ആന്റണിയിലെ വാല്‍സല്യനിധിയായ അച്ഛനെ മമ്മൂട്ടി ഗംഭീരമാക്കിയ സിനിമയാണ് ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 1992 ല്‍ പുറത്തിറങ്ങിയ കൗരവര്‍.


കാഴ്ചയിലെ ഫിലിം ഓപ്പറേറ്റര്‍ മാധവന് ആകെ അറിയുന്നത് നിഷ്‌കളങ്കമായി സ്നേഹിക്കാന്‍ മാത്രമാണ്. ഉറ്റവരെയും ഉടയവരെയും നഷ്ടമായ ഗുജറാത്തി ബാലന് മാധവന്‍ വെറും 'ഓപ്പറേറ്റര്‍' മാത്രമല്ല, കുന്നോളം കരുതലും സ്നേഹവും നല്‍കുന്ന അച്ഛന്‍ കൂടിയാണ്. 'കുഞ്ഞേ നിനക്ക് വേണ്ടി..' എന്ന ഗാനരംഗം സ്നേഹനിധിയായ പിതാവിന്റെ നോട്ടങ്ങളിലൂടെയും ചേഷ്ടകളിലൂടെയും മമ്മൂട്ടി അവിസ്മരണീയമാക്കി. ബ്ലെസി സംവിധാനം ചെയ്ത കാഴ്ച 2004 ലാണ് റിലീസ് ചെയ്തത്.

പേരന്‍പിലെ അമുദവനും മമ്മൂട്ടിയുടെ മികച്ച അച്ഛന്‍ വേഷങ്ങളിലൊന്നാണ്. ഭിന്നശേഷിക്കാരിയായ മകളെ സന്തോഷിപ്പിക്കാന്‍ അമുദവനിലെ അച്ഛന്‍ എന്തൊക്കെയോ ചെയ്യുന്നുണ്ട്. അയാള്‍ പരിസരം മറന്ന് തുള്ളിച്ചാടുന്നു, പാട്ട് പാടുന്നു...അങ്ങനെ എന്തൊക്കെയോ ! അമുദവന് മകള്‍ ചിരിച്ചാല്‍ മതി, സന്തോഷിച്ചാല്‍ മതി. അതിനുമപ്പുറം അമുദവനിലെ പിതാവ് ഒന്നും ആഗ്രഹിക്കുന്നില്ല. 2019 ലാണ് റാം സംവിധാനം ചെയ്ത പേരന്‍പ് തിയറ്ററുകളിലെത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :