'എന്റെ പേര് പെണ്ണ്'; പാട്ടിലെ വരികള്‍ ജീവിതത്തില്‍ സംഭവിച്ചത്, ഒരുപാട് പേര്‍ മെസേജ് അയക്കുന്നുണ്ടെന്ന് ഗൗരി ലക്ഷ്മി

പാട്ടിലെ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചതാണ്. അതില്‍ എട്ട് വയസിലും 13 വയസിലും നടന്നെന്ന് പറയുന്ന കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ അനുഭവങ്ങളാണ്

Gowry Lekshmi
രേണുക വേണു| Last Modified ബുധന്‍, 10 ജൂലൈ 2024 (11:01 IST)
Gowry Lekshmi

ഗായിക ഗൗരി ലക്ഷ്മിയുടെ 'മുറിവ്' പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. 'എന്റെ പേര് പെണ്ണ്, എന്റെ വയസ് എട്ട്' എന്ന് തുടങ്ങുന്ന പാട്ടിനെ പ്രശംസിച്ചും ട്രോളിയും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പാട്ടിലെ വരികളെല്ലാം തന്റെ ജീവിതത്തില്‍ സംഭവിച്ചതാണെന്ന് ഗൗരി വെളിപ്പെടുത്തിയിരുന്നു. പാട്ടിലെ വരികള്‍ ഭാവനയില്‍ നിന്ന് ഉണ്ടാക്കിയെടുത്ത കഥയല്ലെന്നും ജീവിതത്തില്‍ അനുഭവിച്ചതാണെന്നും ഗൗരി പറയുന്നു.

' പാട്ടിലെ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചതാണ്. അതില്‍ എട്ട് വയസിലും 13 വയസിലും നടന്നെന്ന് പറയുന്ന കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ അനുഭവങ്ങളാണ്. ഞാന്‍ അനുഭവിച്ചത് മാത്രമാണ് പാട്ടില്‍ ചേര്‍ത്തിരിക്കുന്നത്. എട്ട് വയസില്‍ അത് സംഭവിക്കുമ്പോള്‍ ബസില്‍ പോകുന്ന സമയത്ത് ധരിച്ച വസ്ത്രം പോലും ഇന്നെനിക്ക് ഓര്‍മയുണ്ട്. ബസില്‍ ഞാന്‍ ഇരുന്ന സീറ്റിന്റെ പിന്നില്‍ നിന്ന് എന്റെ അച്ഛനേക്കാള്‍ പ്രായമുള്ള ഒരാള്‍ എന്റെ ദേഹത്ത് പിടിക്കുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായി നേരിട്ട മോശം അനുഭവമാണ് അത്. 13 വയസ്സില്‍ ബന്ധു വീട്ടില്‍ നിന്ന് ഞാന്‍ നേരിട്ട അനുഭവമാണ് പാട്ടില്‍ ഉള്ളത്,' ഗൗരി പറഞ്ഞു.




പാട്ട് കേട്ട ശേഷം ധാരാളം ആളുകളുടെ മെസേജ് വരുന്നുണ്ട്. പെണ്‍കുട്ടികളാണ് കൂടുതല്‍ മെസേജ് അയക്കുന്നത്. ഒരു തവണയില്‍ കൂടുതല്‍ കേള്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്നതായി പലരും പറഞ്ഞു. ഇതൊക്കെ അവരുടെ ജീവിതത്തില്‍ നടന്ന കാര്യമാണെന്നും സുഹൃത്തുകളുടെ ജീവിതത്തില്‍ നടന്നിട്ടുണ്ടെന്നും ആണ് മിക്കവരുടെയും മെസേജ്. തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പാട്ടില്‍ ചേര്‍ത്തിരിക്കുന്നതെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :