ജിയോ ബേബി പറഞ്ഞതും ഫാറൂഖ് കോളേജ് യൂണിയന്‍ കേട്ടതും !
ജിയോ ബേബിയുടെ മറ്റൊരു സിനിമയായ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും നിസഹകരണത്തിനു കാരണമാണ്
രേണുക വേണു|
Last Modified വ്യാഴം, 7 ഡിസംബര്‍ 2023 (09:44 IST)
കോഴിക്കോട് ഫാറൂഖ് കോളേജിലെ ഫിലിം ക്ലബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലേക്ക് അതിഥിയായി ക്ഷണിച്ച ശേഷം ആ പരിപാടി റദ്ദാക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി സംവിധായകന്‍ ജിയോ ബേബി. പരിപാടിക്കു വേണ്ടി കോഴിക്കോട് എത്തിയപ്പോഴാണ് അതു റദ്ദാക്കിയ വിവരം കോളജ് അധികൃതര്‍ അറിയിച്ചതെന്ന് ജിയോ ബേബി പറയുന്നു. തന്റെ ചില പരാമര്‍ശങ്ങള്‍ കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണെന്ന കാരണത്താല്‍ ഫാറൂഖിലെ വിദ്യാര്‍ഥി യൂണിയനാണ് നിസഹകരണം പ്രഖ്യാപിച്ചതെന്ന് ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനാണ് (എംഎസ്എഫ്) ഫാറൂഖ് കോളേജിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍.
മമ്മൂട്ടി-ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍' സമൂഹത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സ്വവര്‍ഗ ലൈംഗികതയെ കുറിച്ചാണ് കാതല്‍ സംസാരിക്കുന്നത്. സ്വവര്‍ഗാനുരാഗിയായാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്ന ഒരു സിനിമയെ മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. ജിയോ ബേബിയോടുള്ള നിസഹകരണത്തിനു പ്രധാന കാരണം ഇതാണ്. പരസ്പരം ഇഷ്ടപ്പെടുന്ന രണ്ട് മനുഷ്യര്‍ സന്തോഷത്തോടെയും സ്‌നേഹത്തോടെയും ജീവിക്കട്ടെ എന്ന ജിയോ ബേബി ചിത്രം കാതലിന്റെ പ്രമേയത്തെ അംഗീകരിക്കാന്‍ മടിയുള്ളവരാണ് ഇപ്പോള്‍ ബഹിഷ്‌കരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജിയോ ബേബിയുടെ മറ്റൊരു സിനിമയായ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും നിസഹകരണത്തിനു കാരണമാണ്. ജിയോ ബേബി വിവാഹ മോചനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നൊരു വിമര്‍ശനം നേരത്തെ ഉണ്ടായിരുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ട ശേഷം ഇത്തരം ബന്ധങ്ങളില്‍ നിന്ന് ഇറങ്ങി പോരാന്‍ ആഗ്രഹിക്കുന്നവര്‍ അത് ചെയ്യട്ടെ എന്നായിരുന്നു ജിയോ ബേബി അന്ന് വിമര്‍ശനങ്ങള്‍ക്ക് നല്‍കിയ മറുപടി. ഇതിനെ വളച്ചൊടിച്ചാണ് ജിയോ ബേബി വിവാഹമോചനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമര്‍ശനത്തിലേക്ക് പലരും എത്തിയത്.
' സ്ത്രീകള്‍ക്ക് ഇമ്മീഡിയറ്റ് ആയി ചെയ്യാന്‍ കഴിയുന്ന കാര്യം ഇത്തരം ജീവിതങ്ങളില്‍ നിന്ന് ഇറങ്ങിപ്പോരുക എന്നതാണ്. ഈ ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കാതെ അവരുടേതായ സ്വാതന്ത്ര്യങ്ങളിലേക്ക് ഇറങ്ങി വരാന്‍ സാധിക്കണം. അങ്ങനെയൊക്കെ ഉണ്ടാവട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഡിവോഴ്‌സുകള്‍ക്ക് ഈ സിനിമ കാരണമാകുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂ,' ജിയോ ബേബിയുടെ അന്നത്തെ വാക്കുകള്‍ ഇങ്ങനെയാണ്. ഇതില്‍ നിന്ന് ഡിവോഴ്‌സുകള്‍ ഉണ്ടായാല്‍ സന്തോഷമേയുള്ളൂ എന്നത് മാത്രം അടര്‍ത്തിയെടുത്താണ് ജിയോ ബേബിക്കെതിരെ വളരെ റിഗ്രസീവ് ആയവര്‍ ഉറഞ്ഞു തുള്ളുന്നത്.