പണി പറ്റിച്ചത് കുഞ്ഞിക്ക തന്നെ ! മമ്മൂട്ടിയുടെ ഫോണില്‍ നിന്ന് കുറുപ്പിന്റെ ട്രെയ്‌ലര്‍ ഷെയര്‍ ചെയ്തത് താനാണെന്ന് ദുല്‍ഖര്‍, 'ഒടുവില്‍ കുറ്റസമ്മതം നടത്തിയല്ലേ' എന്ന് ആരാധകര്‍ (വീഡിയോ)

രേണുക വേണു| Last Updated: ശനി, 6 നവം‌ബര്‍ 2021 (14:52 IST)

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന 'കുറുപ്പ്'. ദുല്‍ഖര്‍ തന്നെയാണ് സിനിമയുടെ നിര്‍മാതാവ്. കോവിഡ് പ്രതിസന്ധിയെ മറികടന്ന് സിനിമ വ്യവസായം കൂടുതല്‍ ശക്തമായി മുന്നോട്ടു പോകാന്‍ ദുല്‍ഖറിന്റെ കുറുപ്പ് കൊണ്ട് സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം മുഴുവന്‍. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ജീവിതം പ്രമേയമാക്കിയാണ് കുറുപ്പ് തിയറ്ററുകളിലെത്തുന്നത്.

നവംബര്‍ മൂന്നിനാണ് കുറുപ്പിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. മലയാള സിനിമാലോകത്തെ പ്രമുഖരെല്ലാം ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. പതിവില്ലാതെ മകന്റെ സിനിമയുടെ പ്രൊമോഷന്‍ ഇത്തവണ മമ്മൂട്ടിയും ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയില്‍ കുറുപ്പിന്റെ ട്രെയ്‌ലര്‍ മമ്മൂട്ടി പങ്കുവച്ചത് കണ്ട് ആരാധകര്‍ ഒന്നടങ്കം ഞെട്ടി. ദുല്‍ഖറിന്റെ ഒരു സിനിമയ്ക്ക് വേണ്ടിയും തന്റെ സോഷ്യല്‍മീഡിയ പേജുകളിലൂടെ മമ്മൂട്ടി ഇതുവരെ പ്രൊമോഷന്‍ നടത്തിയിട്ടില്ല. അങ്ങനെയിരിക്കെ ദുല്‍ഖറിന്റെ കുറുപ്പ് ട്രെയ്‌ലര്‍ മമ്മൂട്ടി പങ്കുവച്ചത് കണ്ട് ആരാധകര്‍ക്ക് പല സംശയങ്ങളും തോന്നി. വാപ്പച്ചിയുടെ ഫോണില്‍ നിന്ന് വാപ്പച്ചി പോലും അറിയാതെ ദുല്‍ഖര്‍ തന്നെയായിരിക്കും ട്രെയ്‌ലര്‍ ഷെയര്‍ ചെയ്തതെന്ന് ആരാധകര്‍ ട്രോളുകള്‍ ഇറക്കി. എന്നാല്‍, ആ ട്രോളുകള്‍ സത്യം തന്നെയാണെന്ന് സമ്മതിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കുറുപ്പിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. വാപ്പച്ചിയുടെ ഫോണില്‍ നിന്ന് താന്‍ തന്നെയാണ് ട്രെയ്‌ലര്‍ പങ്കുവച്ചതെന്നും ട്രോളുകള്‍ സത്യമാണെന്നും ദുല്‍ഖര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
'കോവിഡിന് ശേഷം വരുന്ന ആദ്യത്തെ സിനിമയായതുകൊണ്ട് ഞാന്‍ മാക്‌സിമം ആളുകളോട് റിക്വസ്റ്റ് ചെയ്തു, നിങ്ങള്‍ എല്ലാവരും ഷെയര്‍ ചെയ്യണം എന്ന്. എന്റെ വീട്ടില്‍ തന്നെ ഉള്ള ആളോട് (ചിരിക്കുന്നു) പ്ലീസ്..എനിക്ക് വേണ്ടി ഈ പടമെങ്കിലും..എന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ എടുക്കുവാണേ എന്നും പറഞ്ഞ് ഞാന്‍ തന്നെയാണ് അത് പോസ്റ്റ് ചെയ്തത്. ട്രോളുകളൊക്കെ കറക്ട് ആയിരുന്നു,' ദുല്‍ഖര്‍ പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :