'ദൃശ്യം 2' കണ്ട് എന്തെങ്കിലും ചോദ്യം മനസ്സില്‍ ഉണ്ടോ? പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ മോഹന്‍ലാലും ജീത്തുജോസഫും എത്തുന്നു !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (12:40 IST)

'ദൃശ്യം 2' വിജയ കുതിപ്പ് തുടരുകയാണ്. ഇതേ സിനിമയുടെ തെലുങ്ക് റീമേക്കുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് ജീത്തു ജോസഫ് കടക്കുമ്പോള്‍ ബാറോസ് എന്ന തന്റെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. തിരക്കുകള്‍ക്കിടയിലും ദൃശ്യം 2 പ്രേക്ഷകര്‍ക്കായി, അവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ ജീത്തു ജോസഫും മോഹന്‍ലാലും എത്തുന്നു. ആമസോണ്‍ പ്രൈമിന്റെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇരുവരും എത്തുന്നത്. മാര്‍ച്ച് 1 വൈകീട്ട് 7 മണിക്ക് ദൃശ്യം രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ലാലും ജീത്തു ജോസഫും ആരാധകര്‍ക്ക് അരികിലേക്ക് വരും.

'ദൃശ്യം 2 കണ്ടവര്‍ക്ക് ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുന്നില്ല. സിനിമ കണ്ടവര്‍ക്കും മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകും. അവയ്‌ക്കെല്ലാം ഉത്തരം നല്‍കാനായി ഞാനും സംവിധായകന്‍ ജീത്തു ജോസഫും എത്തുന്നു. കഴിയുന്നത്ര ഉത്തരം നല്‍കാം.'-മോഹന്‍ലാല്‍ പറഞ്ഞു.

ഫെബ്രുവരി 18 നായിരുന്നു ദൃശ്യം 2 റിലീസ് ചെയ്തത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. നടന്‍ വെങ്കിടേഷ് നായകനായി എത്തുമ്പോള്‍ മീന തന്നെയാണ് തെലുങ്കിലും നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :