മാടമ്പിത്തരവും ആജ്ഞാപിക്കലുമൊക്കെ കൈയില്‍ വച്ചാല്‍ മതി; എന്റെ റെലവന്‍സ് തീരുമാനിക്കുന്നത് നിങ്ങളല്ല,രഞ്ജിത്തിന് തുറന്ന കത്തുമായി സംവിധായകന്‍ ഡോ ണ്‍.ബിജു

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (12:45 IST)
രഞ്ജിത്തിന്റെ ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ഡോ ബിജു.ബിജുവിന്റെ സിനിമയ്ക്ക് യാതൊരു പ്രസക്തിയില്ലെന്നും തിയറ്ററില്‍ ആളുകള്‍ കയറിയില്ലെന്നുമുള്‍പ്പെടെയുള്ള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ രഞ്ജിത്ത് പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് ഡോ. ബിജു.കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളെ പറ്റിയും തിയേറ്ററിലെ ആള്‍ക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യര്‍ഥം ആണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്
കേരളാ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന സ്ഥാനത്തിരിക്കുന്ന ചലച്ചിത്ര സംവിധായകന്‍ ശ്രീ രഞ്ജിത്തിന് ഒരു തുറന്ന കത്ത്..

താങ്കള്‍ ഒരു മാധ്യമത്തിന് നല്‍കിയ വീഡിയോ ഇന്റര്‍വ്യൂ ചില സുഹൃത്തുക്കള്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുക ഉണ്ടായി . അതില്‍ താങ്കള്‍ എന്നെക്കുറിച്ചു നടത്തിയ ചില പരാമര്‍ശങ്ങള്‍ കണ്ടു .
താങ്കള്‍ പറയുന്നത് ഇതാണ്. ഡോ. ബിജു ചില പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടാക്കി . അദ്ദേഹത്തിന്റെ സിനിമ ഇപ്പോള്‍ തിയറ്ററില്‍ റിലീസ് ചെയ്തു . അതിനു തിയറ്ററില്‍ ആളുകള്‍ കയറിയില്ല. അതെ സമയം മറ്റൊരു സംവിധായകന്റെ സിനിമ (പേര് പറയുന്നത് ശരിയല്ലാത്തതിനാല്‍ ഞാന്‍ പറയുന്നില്ല ) തിയറ്ററില്‍ വന്നു അതിനു നല്ല ആള്‍ തിരക്ക് ആയിരുന്നു . ആ സിനിമയ്ക്ക് തിയറ്ററില്‍ ആള്‍ വന്നു ഇവിടെ മേളയിലും തിരഞ്ഞെടുക്കപ്പെട്ടു . ഇനി അടുത്ത സംസ്ഥാന അവാര്‍ഡില്‍ ചിലപ്പോള്‍ ആ സിനിമയ്ക്ക് അവാര്‍ഡുകളും കിട്ടും. അപ്പോള്‍ തിയറ്ററില്‍ ആള് വരികയും അവാര്‍ഡുകള്‍ കിട്ടുകയും ചെയ്യുന്ന സിനിമയും ആകുന്നു . ഇവിടെയാണ് ഡോക്ടര്‍ ബിജു ഒക്കെ സ്വന്തം റെലവന്‍സ് എന്താണ് എന്ന് ആലോചിക്കേണ്ടത്.തിയറ്ററില്‍ ആളുകള്‍ കയറാത്ത സിനിമ ഒക്കെ എടുക്കുന്ന ഡോക്ടര്‍ ബിജുവിന് ഒക്കെ എന്താണ് റെലവന്‍സ് ഉള്ളത് .ഇതാണ് താങ്കള്‍ പറഞ്ഞത്. ആദ്യമേ തന്നെ താങ്കളുടെ അജ്ഞതയില്‍ സഹതാപം രേഖപ്പെടുത്തട്ടെ . തിയറ്ററില്‍ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ ഞാന്‍ ആളല്ല . കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളെ പറ്റിയും . തിയറ്ററിലെ ആള്‍ക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യര്‍ത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല . ഒന്ന് രണ്ടു കാര്യം മാത്രം സൂചിപ്പിക്കാം . നെറ്റ്ഫ്‌ലിക്‌സ് ഉയര്‍ന്ന തുകയ്ക്ക് സംപ്രേഷണ അവകാശം വാങ്ങിയതാണ് ഈ സിനിമ . ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ധാരാളം ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്ന , വളരെയേറെ ക്രിട്ടിക്കല്‍ അംഗീകാരം കിട്ടിയ ഈ സിനിമ താങ്കള്‍ ചെയര്‍മാന്‍ ആയ മേള യില്‍ താങ്കളുടെ സുഹൃത്തിനെ വെച്ച് സിനിമകള്‍ തിരഞ്ഞെടുത്തപ്പോള്‍ തള്ളിക്കളയുകയും പിന്നീട് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയില്‍ മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമ മത്സര വിഭാഗത്തില്‍ ഇടം പിടിക്കുകയും ചെയ്തത് കൊണ്ട് മാത്രം ഫെസ്റ്റിവല്‍ കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ എന്നോട് അനുമതി ചോദിച്ചു പ്രദര്‍ശിപ്പിക്കുകയും ചെയ്തതാണ് എന്റെ സിനിമ . അതിന്റെ ആദ്യ പ്രദര്‍ശനത്തിന് അഭൂത പൂര്‍വമായ തിരക്കും ആയിരുന്നു ഐ എഫ് എഫ് കെ യില്‍ . രണ്ടാമത്തെ പ്രദര്‍ശനം നാളെ നടക്കുമ്പോള്‍ അതും റിസര്‍വേഷന്‍ ആദ്യത്തെ അഞ്ചു മിനിറ്റില്‍ ഫുള്‍ ആയതുമാണ് . അതൊന്നും താങ്കള്‍ അറിഞ്ഞിട്ടുണ്ടാവില്ല . അത്തരത്തില്‍ ഐ എഫ് എഫ് കെ യില്‍ ഡെലിഗേറ്റുകള്‍ കാണുന്ന ഒരു ചിത്രത്തിന്റെ സംവിധായകന്റെ പ്രസക്തി എന്താണ് എന്നത് വിലയിരുത്താന്‍ താങ്കള്‍ ആളായിട്ടില്ല.

ഒരു കാര്യം ചോദിച്ചോട്ടെ , വിവിധ ലോക രാജ്യങ്ങളില്‍ നിന്നായി ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന നിരവധി സിനിമകള്‍ ഉണ്ട് . ലോകത്തെ പ്രധാന ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയത് കൊണ്ടാണല്ലോ ആ ലോക സിനിമകള്‍ ഇവിടെ മേളയില്‍ കാണിക്കുന്നത് . അല്ലാതെ ആ സിനിമകള്‍ അവിടങ്ങളില്‍ തിയറ്ററുകളില്‍ ആളെ കൂട്ടിയത് കൊണ്ടല്ലല്ലോ ഇവിടേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നു കാണിച്ചത് . അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങള്‍ ആണല്ലോ കേരളാ സര്‍ക്കാരിന്റെ ചലച്ചിത്ര മേളയുടെ ചെയര്‍മാന്‍ ആയി ഇരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് ലജ്ജ തോന്നുന്നുണ്ട് .


കഴിഞ്ഞ മേളയില്‍ ഡെലിഗേറ്റുകളെ പട്ടിയോടു ഉപമിച്ച താങ്കള്‍ ഇത്തവണ താങ്കള്‍ ചെയര്‍മാനായ മേളയില്‍ ഏറ്റവും പ്രെസ്റ്റീജിയസ് ആയ ഒരു വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംവിധായകനോട് പറയുകയാണ് , നിങ്ങളുടെ സിനിമ തിയറ്ററില്‍ ആളെ കൂട്ടാത്തത് കൊണ്ട് നിങ്ങള്‍ക്ക് എന്താണ് റെലവന്‍സ് എന്ന് .
ഈ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ ഞാന്‍ താങ്കള്‍ക്ക് ഒരു സന്ദേശം അയച്ചിരുന്നുവല്ലോ .അതിങ്ങനെ ആയിരുന്നു എന്റെ റെലവന്‍സ് തീരുമാനിക്കുന്നത് മിസ്റ്റര്‍ രഞ്ജിത്ത് അല്ല . കേരളത്തിനപ്പുറവും , ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്ത താങ്കളുടെ വിലയിരുത്തല്‍ എനിക്ക് ആവശ്യമില്ല . താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങള്‍ക്കും നന്ദി , സിനിമ എന്നാല്‍ ആള്‍ക്കൂട്ടം മാത്രമാണ് എന്ന താങ്കളുടെ പരിമിത ധാരണയ്ക്കും നന്ദി എന്നാണു ഞാന്‍ താങ്കള്‍ക്കു പേഴ്സണല്‍ മെസ്സേജ് അയച്ചത് . 'മറു വാക്കുകള്‍ക്ക് നന്ദി ' എന്നും പിന്നീട് 'മതി നിര്‍ത്തിക്കോ ' എന്ന ഒരു ഭീഷണി സന്ദേശവും ആണ് താങ്കള്‍ മറുപടി ആയി നല്‍കിയത് .
മതി നിര്‍ത്തിക്കോ എന്ന ആജ്ഞ അനുസരിക്കാന്‍ എനിക്ക് ബാധ്യതയും സൗകര്യവും ഇല്ല എന്ന് താങ്കള്‍ക്ക് ഞാന്‍ മറുപടി ആയി അറിയിക്കുകയും ചെയ്തിട്ടുണ്ട് . താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യില്‍ വെച്ചാല്‍ മതി . എന്റടുത്തേക്ക് വേണ്ട എന്ന് പരസ്യമായി പറയാന്‍ കൂടിയാണ് ഈ കുറിപ്പ് .
എന്റെ റെലവന്‍സ് എന്താണ് എന്ന് ഞാന്‍ ചിന്തിക്കണം എന്നാണല്ലോ താങ്കള്‍ ആവശ്യപ്പെടുന്നത് . ചിന്തിച്ചു . ഏറ്റവും ഒടുവിലായി കിട്ടിയ വലിയ അന്താരാഷ്ട്ര പുരസ്‌കാരം നല്‍കിയത് നൂറി ബില്‍ഗേ സെയ്‌ലാന്‍ എന്ന സംവിധായകന്‍ ചെയര്‍മാന്‍ ആയ ഒരു ജൂറി ആയിരുന്നു . ആ സംവിധായകന്‍ ആരാണെന്നു താങ്കള്‍ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുമല്ലോ . തിയറ്ററില്‍ ആളെ കൂട്ടുന്ന സംവിധായകന്‍ അല്ലാത്തത് കൊണ്ട് താങ്കള്‍ക്ക് അദ്ദേഹത്തിന്റെ റെലവന്‍സും അറിയില്ലായിരിക്കാം . ഏതായാലും എനിക്ക് താങ്കള്‍ ഒരു ഉപദേശം നല്കിയല്ലോ , തിരിച്ചു ഞാന്‍ താങ്കള്‍ക്കും ഒരു ഉപദേശം നല്‍കിക്കോട്ടെ ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചെയര്‍മാന്‍ ആയി ഇരിക്കാന്‍ എന്തെങ്കിലും യോഗ്യതയോ റെലവന്‍സോ താങ്കള്‍ക്കുണ്ടോ എന്നത് സ്വയം ഒന്ന് ചിന്തിച്ചു നോക്കുമല്ലോ .
സ്‌നേഹപൂര്‍വ്വം

തിയറ്ററില്‍ ആളെക്കൂട്ടാന്‍ വേണ്ടി മാത്രം സിനിമ എടുക്കാന്‍ യാതൊരു ഉദ്ദേശവും പണ്ടും ഇപ്പോഴും ഇനിയും ഇല്ലാത്ത ഒരു ചലച്ചിത്ര സംവിധായകന്‍






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :