മോഹന്‍ലാല്‍ തൂവാനത്തുമ്പികളില്‍ സംസാരിക്കുന്ന തൃശൂര്‍ ഭാഷ വളരെ ബോറാണ്; പത്മരാജന്‍ ചിത്രത്തെ വിമര്‍ശിച്ച് സംവിധായകന്‍ രഞ്ജിത്ത്

സുമലത, പാര്‍വതി, അശോകന്‍, ശങ്കരാടി എന്നിവര്‍ തൂവാനത്തുമ്പികളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്

രേണുക വേണു| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (09:26 IST)

മോഹന്‍ലാലിനെ നായകനാക്കി പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൂവാനത്തുമ്പികള്‍. 1987 ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് ബോക്‌സ്ഓഫീസില്‍ വലിയ വിജയമായില്ലെങ്കിലും പിന്നീട് ക്ലാസിക് എന്ന രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. തൃശൂര്‍ പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ തൃശൂര്‍ ഭാഷയാണ് സിനിമയില്‍ സംസാരിക്കുന്നത്. തൂവാനത്തുമ്പികളില്‍ ഉപയോഗിച്ചിരിക്കുന്ന തൃശൂര്‍ ഭാഷ യഥാര്‍ഥ തൃശൂര്‍ ഭാഷയല്ലെന്ന വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ലാലിന്റെ നമുക്കൊക്കെ ഇഷ്ടപ്പെട്ട തൂവാനത്തുമ്പികളിലെ തൃശൂര്‍ ഭാഷ വളരെ ബോറാണ്. അത് തൃശൂര്‍ ഭാഷയെ അനുകരിക്കാന്‍ ശ്രമം നടത്തുകയാണ് ചെയ്തത്. 'മ്മ്ക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ' ആ താളത്തിലൊന്നും അല്ല യഥാര്‍ഥത്തില്‍ തൃശൂര്‍ ഭാഷ സംസാരിക്കുക,' രഞ്ജിത്ത് പറഞ്ഞു.

സുമലത, പാര്‍വതി, അശോകന്‍, ശങ്കരാടി എന്നിവര്‍ തൂവാനത്തുമ്പികളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തൂവാനത്തുമ്പികള്‍ക്ക് ശേഷം ഒട്ടേറെ സിനിമകളില്‍ തൃശൂര്‍ ഭാഷ ഉപയോഗിച്ചിട്ടുണ്ട്. രഞ്ജിത്ത് തന്നെ സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റില്‍ തൃശൂര്‍ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസും തൃശൂര്‍ പശ്ചാത്തലമായി വന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :