അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (20:17 IST)
സുരേഷ് ഗോപിയുടെ പിറന്നാൾ ദിനം പ്രഖ്യാപിച്ച ഹൈവേ 2 എന്ന പ്രൊജക്ട് പെട്ടെന്നുണ്ടായ തീരുമാനമായിരുന്നില്ലെന്ന് സംവിധായകൻ ജയരാജ്. 27 വർഷങ്ങൾക്ക് മുൻപേ ചെയ്ത ഹൈവേ എന്ന ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കണമെന്ന് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. ഇതിനായി സുരേഷ് ഗോപിയുടെ തിരക്കുകൾ ഒഴിയാൻ കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ പിറന്നാൾ ദിനമാണ് ഇത് പ്രഖ്യാപിക്കാൻ അനുകൂലമെന്ന് തോന്നി. ജയരാജ് പറഞ്ഞു.
27 വർഷം മുൻപ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങിയ ഹൈവേ ഏറെ ആരാധകരുള്ള ചിത്രമാണ്. സുരേഷ് ഗോപിയുടെ രാഷ്ട്രീയ തിരക്കുകളാണ് ചിത്രം വൈകാൻ കാരണമെന്ന് ജയരാജ് പറഞ്ഞു. ഹൈവേയിൽ അഭിനയിച്ച താരങ്ങളിൽ സുരേഷ് ഗോപിയുടെ പേര് മാത്രമാണ് ഹൈവേ 2വിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഹൈവേയേക്കാൾ വലിയ ക്യാൻവാസിൽ ടെക്നിക്കലി അപ്ഡേറ്റഡായി ആയിരിക്കും രണ്ടാം ഭാഗം ഒരുങ്ങുക.
അതേസമയം രണ്ടാം ഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ തന്നെ അമ്പരപ്പിച്ചെന്നും ജയരാജ് പറഞ്ഞു. കാലഘട്ടത്തേക്കാൽ മുന്നെ വന്ന സിനിമയായിരുന്നു ഹൈവേ. ഇന്നത്തെ യുവതലമുറ പോലും ചിത്രത്തെ ഇഷ്ടപ്പെടുന്നുവെന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസിലാകുന്നതെന്നും ജയരാജ് പറഞ്ഞു.