രേണുക വേണു|
Last Modified ബുധന്‍, 10 ഓഗസ്റ്റ് 2022 (11:50 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയിയാണ് ദില്‍ഷ പ്രസന്നന്‍. ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കാണ് താരം നേരിട്ടത്. ദില്‍ഷയുടെ കല്ല്യാണം എപ്പോള്‍ ആണെന്നാണ് പലരുടേയും ചോദ്യം. ഇപ്പോള്‍ ഇതാ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ദില്‍ഷ.
സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയ ശേഷം മാത്രം മതി കല്ല്യാണമെന്നാണ് ദില്‍ഷയുടെ നിലപാട്. നാട്ടുകാര്‍ പറയുന്നത് കേട്ട് ജീവിക്കുന്ന ആളല്ല താനെന്നും ദില്‍ഷ പറഞ്ഞു.
'മുപ്പത് വയസ്സായി എന്നു വിചാരിച്ച് ഒരാള് കല്ല്യാണം കഴിക്കണമെന്നില്ല. നമ്മുടെ ലൈഫ് സെറ്റിലായി, അല്ലെങ്കില്‍ നമ്മള് ഇന്റിപെന്റന്റ് ആയി എന്ന് തോന്നുമ്പോള്‍ അല്ലേ. എപ്പോള്‍ കല്ല്യാണം കഴിക്കണമെന്ന് നമുക്ക് തോന്നുമ്പോള്‍ അല്ലേ നമ്മള്‍ കല്ല്യാണം കഴിക്കേണ്ടത്. ജനങ്ങള്‍ കല്ല്യാണം കഴിക്കൂ കല്ല്യാണം കഴിക്കൂ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഞാന്‍ കല്ല്യാണം കഴിച്ചിട്ട് എനിക്കൊരു പ്രശ്‌നം വന്നാല്‍ ഈ പറയുന്ന ആളുകളൊന്നും എന്റെ കൂടെ ഉണ്ടാകില്ല. നാട്ടുകാര് പറയുന്നത് നോക്കിയല്ല ഞാന്‍ എന്റെ ലൈഫ് മുന്നോട്ടു കൊണ്ടുപോകുന്നത്.' ദില്‍ഷ പറഞ്ഞു.