ഒരു വലിയ പ്രതിയെ തൂക്കിലേറ്റാൻ വരുന്ന ആരാചാർ, ധ്രുവത്തിൽ നായകനാകേണ്ടിയിരുന്നത് നടൻ മുരളിയും മോഹൻലാലും

അഭിറാം മനോഹർ| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (20:33 IST)
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ധ്രുവം എന്ന ചിത്രം. സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച നരസിംഹ മന്നാഡിയാര്‍ എന്ന ക്യാരക്ടര്‍ ഇന്നും ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള വേഷമാണ്. എന്നാല്‍ സിനിമയുടെ തിരക്കഥാകൃത്തായ എ കെ സാജന്‍ സിനിമയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നില്ല.

മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഒരു വലിയ പ്രതിയെ തൂക്കിലേറ്റാനായി ഒരു ആരാച്ചാര്‍ വരുന്നതും എന്നാല്‍ തന്റെ സ്വാധീനവും മറ്റുമെല്ലാം ഉപയോഗിച്ച് പ്രതി വധശിക്ഷ നീട്ടുന്നതും അവസാനം ആരാച്ചാര്‍ തന്നെ പ്രതിയെ കൊല്ലുന്നതുമായ ഒരു കഥയാണ് എ കെ സാജന്റെ മനസ്സിലുണ്ടായിരുന്നത്. ജയില്‍ പശ്ചാത്തലത്തില്‍ ഡാര്‍ക്ക് മൂഡിലുള്ള ഒരു സിനിമയായാണ് ഇത് ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ചത്. ഇതിനായി നടന്‍ മുരളിയെയായിരുന്നു ആദ്യം പരിഗണിച്ചത്.

മുരളി ചെയ്യാന്‍ സമ്മതിച്ചുവെങ്കിലും കഥ വികസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തെല്ലാം ചെയ്തിട്ടും മുന്നോട്ട് പോകാത്ത അവസ്ഥയിലായി. ആ സമയത്ത് ഒരു നിര്‍മ്മാതാവിനെ കിട്ടാത്ത അവസ്ഥയും വന്നു. എ കെ സാജന്‍ ഇതിനിടെ സുഹൃത്തുക്കളായ ഡെന്നീസ് ജോസഫിനോടും മറ്റും കഥയെ പറ്റി സംസാരിച്ചിരുന്നു. കൊള്ളാമെന്ന അഭിപ്രായമാണ് അവരില്‍ നിന്നും ഉണ്ടായത്. അതിനിടെ സുരേഷ് ബാലാജി മോഹന്‍ലാലിനെ വെച്ചൊരു ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത വരികയും എ കെ സാജന്‍ ഈ കഥയുമായി മോഹന്‍ലാലിനെ സമീപിക്കുകയും ചെയ്തു.

കഥ ഇഷ്ടപ്പെട്ടെങ്കിലും സിനിമയില്‍ വയലന്‍സ് ധാരാളമായുണ്ടെന്നും അത് തനിക്ക് ശരിയാകില്ലെന്നുമുള്ള കാരണത്താല്‍ മോഹന്‍ലാല്‍ സിനിമയില്‍ നിന്നും പിന്മാറി. പിന്നെയും സിനിമ മുന്നോട്ട് പോകാത്ത സാഹചര്യത്തില്‍ എസ് എന്‍ സ്വാമിയായിരുന്നു സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിക്കുന്നത്. തുടര്‍ന്ന് മാറ്റങ്ങള്‍ വരുത്തിയതോടെ പുതിയ കഥാപാത്രങ്ങള്‍ വരികയും സിനിമ തന്നെ മാറുകയും ചെയ്ഠു. ലീനിയര്‍ രീതിയിലായിരുന്നു എഴുത്തെങ്കിലും സംവിധായകന്‍ ജോഷിയെ സമീപിച്ചപ്പോള്‍ അത് ഫ്‌ളാഷ്ബാക്കിലൂടെ കഥ പറയുന്ന രീതിയിലാവുകയും നായകനായി മമ്മൂട്ടി സിനിമയിലേക് വരികയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :