നിഹാരിക കെ.എസ്|
Last Modified ബുധന്‍, 26 മാര്‍ച്ച് 2025 (09:59 IST)
മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനായി മോഹൻലാൽ ശബരിമലയിൽ അദ്ദേഹത്തിനായി വഴിപാട് കഴിപ്പിച്ചിരുന്നു. ഇതിന്റെ ഫോട്ടോ പുറത്തുവന്നതോടെ മമ്മൂട്ടിക്കെതിരെ ഒ.അബ്ദുള്ള രംഗത്ത് വരികയും മമ്മൂട്ടി സമുദായത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ, ശബരിമലയിൽ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം ലീക്ക് ചെയ്തത് ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരിൽ ആരോ ആണെന്ന് നീരസത്തോടെ മോഹൻലാൽ പ്രതികരിച്ചിരുന്നു. ഇപ്പോൾ മോഹൻലാലിന്റെ വാക്കുകളോട് പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം രംഗത്ത്.
മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരയെ തുടർന്നാകും എന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. വഴിപാട് നടത്തിയ ഭക്തന് നൽകിയ രസീതിന്റെ ഭാഗമാണ് പുറത്തുവന്നത്. ദേവസ്വം ബോർഡ് രസീത് സൂക്ഷിക്കുന്നത് കൗണ്ടർ ഫോയിലാണ്. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തിയ ആൾക്ക് കൈമാറി. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. വസ്തുതകൾ ബോധ്യപ്പെട്ട് നടൻ തിരുത്തുമെന്ന് ആഗ്രഹിക്കുന്നു എന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.
ഒരാൾക്ക് വേണ്ടി പ്രാർഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. ദേവസ്വം ബോർഡിലെ ആരോ ആണ് വഴിപാട് രസീത് ചോർത്തി നൽകിയത് എന്നായിരുന്നു ഇതിനെ കുറിച്ച് മോഹൻലാൽ പറയുന്നത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. എമ്പുരാൻ റിലീസിന് ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്ന അദ്ദേഹം ശബരിമല ദർശനം നടത്തിയത്.