നിഹാരിക കെ.എസ്|
Last Modified ചൊവ്വ, 25 മാര്‍ച്ച് 2025 (11:20 IST)
കൊച്ചി, ചെന്നൈ എന്നിവടങ്ങളിൽ മമ്മൂട്ടിക്ക് വീടുണ്ട്. കൊച്ചി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ ആദ്യകാല ഭവനം സ്റ്റേക്കേഷന് നൽകുന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടിയുടെ വീട്ടിൽ ചില നിയമങ്ങൾ ഉണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ്. എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്ന നിർദേശം അവിടെയുണ്ടെന്നും അത് സ്വന്തം കുടുംബത്തിലുള്ളവർക്ക് വരെ ബാധകമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ആ കർശന നിയമങ്ങളൊക്കെ ആ വീട്ടിൽ ബാധകമല്ലാത്തത് മോഹൻലാലിന് മാത്രമാണെന്നും അത്രയ്ക്ക് അടുത്ത സൗഹൃദമാണ് അവർ തമ്മിലുള്ളതെന്നും പൃഥ്വി പറയുന്നു.
'മമ്മൂട്ടി സാറിന്റെ വീട്ടിൽ ചില കർശന നിയമങ്ങളുണ്ട്. അവിടെ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെ ആ നിയമങ്ങൾ ആകെ ഒരാൾക്ക് വേണ്ടി മാത്രമേ മാറ്റപ്പെടുന്നുള്ളൂ. അത് മോഹൻലാൽ സാറിന് വേണ്ടിയാണ്. അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടിപ്പോലും ആ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ആ നിയമങ്ങൾ എന്തെല്ലാം എന്ന് ഞാൻ പറയുന്നില്ല', പൃഥ്വിരാജ് വ്യക്തമാക്കി.
അതേസമയം, അടുത്തിടെ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനായി മോഹൻലാൽ വഴിപാട് കഴിപ്പിച്ചത് ശ്രദ്ധ നേടിയിരുന്നു. ശബരിമല ദർശനത്തിനിടെയായിരുന്നു മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് കഴിപ്പിച്ചത്. 45 വർഷത്തെ സിനിമാ ജീവിതത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒത്തുചേർന്ന് 55 ചിത്രങ്ങളിൽ വേഷമിട്ടു. എപ്പോഴും ഇച്ചാക്ക എന്ന് മോഹൻലാൽ വിളിക്കുന്ന മമ്മൂട്ടി അദ്ദേഹത്തിന് മൂത്ത സഹോദരനെപ്പോലെയാണ്. ഇവരുടെ കുടുംബങ്ങൾ തമ്മിലും നല്ല ബന്ധമാണുള്ളത്.