എംജിആറിന് ലഭിച്ചത് പോലുള്ള ആരാധക വൃന്ദം, പക്ഷേ ദ്രാവിഡരാഷ്ട്രീയം പറയുന്ന തമിഴകത്ത് പിടിച്ച് നിൽക്കാൻ വിജയ്ക്കാകുമോ?

അഭിറാം മനോഹർ| Last Modified ശനി, 3 ഫെബ്രുവരി 2024 (10:59 IST)
and Vijay
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് തമിഴ് താരം വിജയ് തന്റെ രാഷ്ട്രീയപ്രവേസനം പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി 2026ലെ നിയമസഭാ തെരെഞ്ഞെടുപ്പിലെ വിജയമാണ് സ്വപ്നം കാണുന്നത്. നേടാന്‍ ശ്രമിക്കുന്നതാകട്ടെ പണ്ട് തമിഴകത്തെ സൂപ്പര്‍ താരമായിരുന്ന എംജിആറിന് നേടാന്‍ സാധിച്ച മുഖ്യമന്ത്രി കസേരയും.

ഒട്ടേറെ ആള്‍ബലമുള്ള വിജയ് മക്കള്‍ ഇയക്കമെന്ന ആരാധകവൃന്ദമാണ് വിജയിയെ കരുത്തനാക്കുന്നത്. ഒരു തരത്തില്‍ ഈ സംഘടന തന്നെയാണ് ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടിയായി രൂപം മാറുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതോടെ സിനിമാ അഭിനയം താരം പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്ന പ്രസ്താവന ആരാധകരെ നിരാശരാക്കുന്നതാണെങ്കിലും സൂപ്പര്‍ താരത്തെ മുഖ്യമന്ത്രി കസേരയില്‍ എത്തിക്കാന്‍ താരത്തിന്റെ ആരാധകര്‍ക്കാകുമോ എന്ന് കണ്ടറിയേണ്ടതാണ്. നിലവില്‍ രാഷ്ട്രീയപാര്‍ട്ടിയുടെ നയങ്ങളും കര്‍മപദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. തിരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചതിന് ശേഷം നടക്കുന്ന പൊതുയോഗങ്ങള്‍ക്ക് ശേഷമാകും ഇതില്‍ ധാരണയാകുക. ചിഹ്നവും കൊടിയും അതിന് ശേഷം നിര്‍ണയിക്കും.

അതേസമയം കേന്ദ്രത്തിലെ ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ ബദലെന്ന നിലയില്‍ ശക്തമായ ദ്രാവിഡ രാഷ്ട്രീയമാണ് ഡിഎംകെയുടെ മുഖ്യമന്ത്രി സ്റ്റാലിന്‍ സംസാരിക്കുന്നത്. സനാതന ധര്‍മ്മത്തിനെതിരെ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. ഈ രാഷ്ട്രീയസാഹചര്യത്തില്‍ ദ്രാവിഡ രാഷ്ട്രീയം പറയുന്ന 2 പാര്‍ട്ടികള്‍ക്കിടയില്‍ അഴിമതിയും ഭരണവൈകല്യവുമാകും വിജയ് വിഷയമാക്കുക. എന്നാല്‍ ഇത് എത്രത്തോളം വിജയമാകുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. എംജിആറില്‍ തുടങ്ങി കമലഹാസനില്‍ എത്തി നില്‍ക്കുന്ന തമിഴ് സിനിമാ രാഷ്ട്രീയ പാരമ്പര്യമുണ്ടെങ്കിലും എംജിആറിന് ശേഷം ആ വിജയം സ്വന്തമാക്കാന്‍ മറ്റാര്‍ക്കും തന്നെ സാധിച്ചിട്ടില്ല. എംജിആറിനോളം പോന്ന ആരാധകവൃന്ദം ഉണ്ട് എന്നതാണ് വിജയ്ക്ക് അനുകൂലമായ ഏക ഘടകം. പക്ഷേ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തമിഴകത്ത് നിന്ന് എത്ര നേട്ടം കൊയ്യാനാകുമെന്ന് കാലാമാണ് മറുപടി നല്‍കേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :