അഭിറാം മനോഹർ|
Last Modified വെള്ളി, 2 ഫെബ്രുവരി 2024 (17:26 IST)
രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍ താരം വിജയ്. താരത്തിന്റെ രാഷ്ട്രീയപ്രവേശനം ആരാധകര്‍ എല്ലാം തന്നെ പ്രതീക്ഷിച്ചതാണെങ്കിലും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതോടെ സിനിമാമേഖല പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്ന സൂചനയാണ് താരം തന്നിരിക്കുന്നത്. ഇതുവരെ കരാറായിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം സിനിമയില്‍ നിന്നും താത്കാലിക ഇടവേളയെടുത്ത് പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് താരം പുറത്തുവിട്ട കത്തില്‍ വ്യക്തമാക്കുന്നത്.
നിലവില്‍ വെങ്കട് പ്രഭുവിനൊപ്പം ചെയ്യുന്ന ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന സിനിമയ്ക്ക് ശേഷം ചെയ്യുന്ന വിജയ് ചിത്രമാകും താരത്തിന്റെ അവസാന സിനിമ. എന്നാല്‍ ഈ
സിനിമ ആര് ചെയ്യുമെന്നതില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വിജയുടെ കരിയറിലെ അറുപത്തിയൊന്‍പതാമത് സിനിമയാകും ഇത്. കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നുപോകുന്ന താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത് തമിഴ് സിനിമാ മേഖലയെ ബാധിക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ തന്നെ താരത്തിന്റെ രാഷ്ട്രീയപ്രവേശനത്തില്‍ സന്തുഷ്ടരാണെങ്കിലും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ നിരാശരാണ് ആരാധകര്‍. 2026ലെ നിയമസഭാ തിരെഞ്ഞെടുപ്പിലാകും താരത്തിന്റെ രാഷ്ട്രീയപാര്‍ട്ടി മത്സരിക്കുക.