ശിവകാര്‍ത്തികേയന്‍ സെറ്റില്‍ നിന്ന് ധോണിയുടെ സെറ്റിലേക്ക് അരുണ്‍ വെഞ്ഞാറമൂട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 ജനുവരി 2023 (17:33 IST)
ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി സിനിമ നിര്‍മാണ മേഖലയിലേക്കും കടക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രചരിച്ചിരുന്നു. ധോണി പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന സിനിമ തമിഴിലാണ് പുറത്തിറങ്ങുന്നത്. നദിയ മൊയ്തു , ഹരീഷ് കല്യാണ്‍ , ലൗ ടുഡേ ഫെയിം ഇവാന , യോഗി ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് തമില്‍മണി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'LGM' ലെറ്റ്‌സ് ഗെറ്റ് മാരീഡ് എന്നാണ് പേരിട്ടിരിക്കുന്നത്.ധോണിയുടെ ഭാര്യ സാക്ഷിയാണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. നിരവധി തമിഴ് ചിത്രങ്ങളിലും മലയാള ചിത്രങ്ങളിലും പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്ന അരുണ്‍ വെഞ്ഞാറമൂടാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.മലയാളിയും തിരുവനന്തപുരത്തെ വെഞ്ഞാറമൂട് സ്വദേശിയുമായ അരുണ്‍ വെഞ്ഞാറമൂട് സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് പങ്ക് വയ്ക്കുന്നത്.
 
മിഥുന്‍ മാനുവല്‍ തോമസ് ചിത്രമായ അലമാരയിലൂടെയാണ് അരുണ്‍ വെഞ്ഞാറമൂട് സ്വതന്ത്ര ആര്‍ട്ട് ഡയറക്ടറാവുന്നത്. ആട് 2 , ഞാന്‍ മേരിക്കുട്ടി , ഫ്രഞ്ച് വിപ്ലവം , അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് , ജനമൈത്രി , തൃശൂര്‍ പൂരം എന്നിങ്ങനെ നിരവധി സിനിമകളില്‍ ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂരത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ ആയി വന്ന ദിലീപ് മാസ്റ്റര്‍ വഴിയാണ് പുഷ്‌കര്‍ - ഗായത്രിയുടെ ആമസോണ്‍ പ്രൈമില്‍ സംപ്രേക്ഷണം ചെയ്ത 'സുഴല്‍' എന്ന ബിഗ് ബഡ്ജറ്റ് സീരീസില്‍ പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നത്. സുഴലിന് ലഭിച്ച മികച്ച പ്രതികരണമാണ് പുഷ്‌കര്‍ - ഗായത്രി തന്നെ നിര്‍മിച്ച് ആമസോണ്‍ പ്രൈം വീഡിയോ സംപ്രേക്ഷണം ചെയ്ത 'വതന്തി' എന്ന വെബ് സീരീസിലേയ്ക്കും അരുണ്‍ വെഞ്ഞാറമൂടിന് അവസരം നേടിക്കൊടുത്തത്.
 
നിലവില്‍ ഷൂട്ടിങ് പുരോഗമിക്കുന്നതും , പൂര്‍ത്തിയായതുമായ ഒരുപിടി പ്രോജക്ടുകളാണ് അരുണ്‍ വെഞ്ഞാറമൂടിന്റെ പേരിലുള്ളത്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന മഡോണ അശ്വിന്‍ ചിത്രം 'മാവീരന്‍' , ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിച്ച 'വാലാട്ടി' , അനു മോഹന്‍ - വിനയ് ഫോര്‍ട്ട് - വിജയ് ബാബു ചിത്രം അടക്കം നിരവധി ചിത്രങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പെടും. 'ലെറ്റ്‌സ് ഗെറ്റ് മാരീഡി'ന്റെ പൂജയും മറ്റും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. സാക്ഷി സിങ് ധോണി അടക്കം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. പി ആര്‍ ഓ സുനിത സുനില്‍.
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :