അഭിറാം മനോഹർ|
Last Modified വ്യാഴം, 27 മെയ് 2021 (13:29 IST)
പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോ ആയ എംജിഎം സ്റ്റുഡിയോസ് ഇനി ആമസോണിന് സ്വന്തം. 8.45 ബില്യൺ ഡോളറിനാണ് എംജിഎംമിനെ
ആമസോൺ സ്വന്തമാക്കിയത്.
ഇതോടെ എംജിഎമിന്റെ സിനിമകളും സീരീസുകളും ആമസോണിനു ലഭിക്കും. നിലവിൽ എംജിഎമിന്റെ പ്രൊഡക്ഷനുകൾ നെറ്റ്ഫ്ലിക്സ്, ഡിസ്നി ഹോട്ട്സ്റ്റാർ തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലായി പരന്നുകിടക്കുകയാണ്.ഇവയെല്ലാം ഒറ്റയടിയ്ക്ക് ആമസോണിന് ലഭിക്കും.
1924ൽ സ്ഥാപിതമായ മെട്രോ ഗോൾഡ്‌വിൻ മേയർ അഥവ എംജിഎം സിനിമാപ്രേമികൾക്ക് ഏറെ പരിചയമുള്ള പ്രൊഡക്ഷൻ ഹൗസാണ്. ടോം ആൻഡ് ജെറി പരമ്പരകളാകും പലർക്കും എംജിഎമ്മിനെ പ്രിയങ്കരമാക്കിയതെങ്കിലും ജെയിംസ് ബോണ്ട് ചിത്രങ്ങളടക്കം 4000ഓളം സിനിമകളും 17000 ത്തോളം ടെലിവിഷൻ ഷോകളുമാണ് എംജിഎമിനുണ്ട്.
12 ആംഗ്രി മെൻ, റോക്കി, റേജിംഗ് ബുൾ, ഹോബിറ്റ്, സൈലൻസ് ഓഫ് ലാംപ്സ്, ദി പിങ്ക് പാന്തർ തുടങ്ങി സിനിമാ ക്ലാസിക്കുകളൊക്കെ എംജിഎമിനു സ്വന്തമാണ്. വൈക്കിങ്സ്, ഫാർഗോ എന്നീ സീരുസുകൾ നിർമിച്ചതും എംജിഎമ്മാണ്.