റെഡിയാണോ ലാലേട്ടാ, ജയിലറിലെ ആ ഫീൽ കൊണ്ടുവരാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നു: അൽഫോൺസ് പുത്രൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (10:08 IST)
തിയേറ്ററുകളില്‍ നിറഞ്ഞ സദ്ദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന ജയിലര്‍ക്ക് വലിയ വരവേല്‍പ്പാണ് കേരളത്തില്‍ നിന്നും ലഭിക്കുന്നത്. ഒരു രജനീകാന്ത് എന്നതിനേക്കാള്‍ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ അഴിഞ്ഞാടിയ 7 മിനിറ്റോളം പോന്ന രംഗങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ജയിലര്‍ക്ക് ലഭിക്കുന്ന ഈ വന്‍ സ്വീകരണത്തിനിടയില്‍ തനിക്കും ഇത്തരത്തില്‍ ലാലേട്ടനെ ആഘോഷിക്കാന്‍ സാധിക്കുന്ന ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരുവാന്‍ പറ്റുമെന്നാണ് തോന്നുന്നത് ലാലേട്ടാ എന്ന അടിക്കുറിപ്പോടെ അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. നമുക്ക് ശോഭരാജ് റിട്ടേണ്‍സ് എടുത്താലോ എന്നും അങ്ങനെയെങ്കില്‍ അത് മാസ് ക്ലാസ് അനുഭവമാകുമെന്നും പോസ്റ്റിലെ കമന്റില്‍ അല്‍ഫോണ്‍സ് കൂട്ടിചേര്‍ക്കുന്നു. പോസ്റ്റ് എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഒരുപാട് നാളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന കോമ്പോയാണ് അല്‍ഫോണ്‍സ് പുത്രനും മോഹന്‍ലാലും തമ്മിലുള്ളത്. അതേസമയം ചിത്രം റിലീസ് ചെയ്ത് 3 ദിവസം പിന്നിടുമ്പോഴും വമ്പന്‍ കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :