കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 3 നവംബര്‍ 2021 (12:02 IST)
കോണ്‍ഗ്രസ്സും ജോജു ജോര്‍ജും തമ്മിലുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.നിന്റെ കൈയ്യില്‍ കാശുണ്ട് 'എന്ന് ജോജുവിന്റെ നേരേ ചോദ്യമുയര്‍ത്തിയ ആ മനുഷ്യനാണ് എന്റെ പ്രതിനിധി. ഫാസിസ്റ്റ് നയങ്ങളില്‍ പെറുതിമുട്ടുന്ന ശരാശരി ഭാരതീയന്റെ പ്രതിനിധിയാണയാളെന്നും അഷ്‌റഫ് പറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍
'നിന്റെ കൈയ്യില്‍ കാശുണ്ട് ' .
ജോജുവിന്റെ നേരേ ചോദ്യമുയര്‍ത്തിയ ആ മനുഷ്യനാണ് എന്റെ പ്രതിനിധി.
ഒരു പക്ഷേ, ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായ് സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും. ഫാസിസ്റ്റ് നയങ്ങളില്‍ പെറുതിമുട്ടുന്ന ശരാശരി ഭാരതീയന്റെ പ്രതിനിധിയാണയാള്‍.
ആ പാവത്തിന് മുന്നില്‍ മുണ്ടും തെറുത്തു കുത്തി അതേടാ ഞാന്‍ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടങ്കില്‍ മാസ്‌ക്കും ധരിക്കേണ്ട എന്നുണ്ടോ....
പക്ഷേ ഒന്നുമറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ്.
RTO ഓഫീസില്‍ കയറി ഭീഷണി മുഴക്കി കേരളം കത്തിക്കുമെന്നു പറഞ്ഞ ലക്ഷക്കണക്കിന് ഫാന്‍സ് പിന്‍ബലമുള്ള ബ്ലോഗറന്മാരുടെ ആരാധനക്കൂട്ടം സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞാടിയത് നാം കണ്ടതാണ്.
നൂറുകോടിക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന തമിഴ്നടന്‍ വിജയ് യെ നാം കണ്ടു പഠിക്കേണ്ടതുണ്ടു്.അദ്ദേഹം പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സൈക്കളില്‍ നടത്തിയ പ്രതിഷേധ യാത്ര ആ നടന്‍ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നു.ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോള്‍ അവരുടെ മുഖത്തേക്ക് ദയവായ് നിങ്ങള്‍ കര്‍ക്കിച്ച് തുപ്പരുത്.