അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 ജൂലൈ 2024 (12:42 IST)
പ്രശസ്ത തമിഴ് നടി സുനൈനയും ദുബായിലെ പ്രശസ്ത യൂട്യൂബറുമായ ഖാലിദ് അല്‍ അമേരിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ രണ്ട് കൈകള്‍ പരസ്പരം കൂട്ടിപിടിക്കുന്ന പോസ്റ്റുകള്‍ ഇട്ടതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്.
സുനൈനയുടെയും അമേരിയുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായതോടെയാണ് ഇരുവരും തമ്മില്‍ വിവാഹനിശ്ചയം നടന്നതായി വാര്‍ത്തകള്‍ വന്നത്. ജൂണ്‍ 5നാണ് ഒരു ചിത്രം സുനൈന പങ്കുവെച്ചിരുന്നത്. എന്നാല്‍ പ്രതിശ്രുത വരന്‍ ആരെന്ന കാര്യം സുനൈന വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം ജൂണ്‍ 26നാണ് ഖാലിഫ് അല്‍ അമേരി സമാനമായ ഒരു ചിത്രം പങ്കുവെച്ചത്. പ്രശസ്ത യൂട്യൂബറായ ഖാലിദ് അല്‍ അമേരി യൂട്യൂബറായ സലാമ മുഹമ്മദിനെ നേരത്തെ വിവാഹം ചെയ്തിരുന്നു. 6 മാസം മുന്‍പാണ് ഇരുവരും വിവാഹമോചിതരായത്. സ്റ്റാന്‍ഫോര്‍ഡ് ബിരുദധാരിയായ യൂട്യൂബര്‍ ഖാലിദ് അല്‍ അമേരിക്ക് യുഎഇയിലെ വലിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവന്‍സറാണ്.
അതേസമയം 2008 മുതല്‍ തമിഴ് സിനിമയില്‍ സജീവമാണ് സുനൈന. പ്രൈം വീഡിയോ സ്ട്രീം ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ റിഷി എന്ന ക്രൈം ത്രില്ലറിലാണ് സുനൈന ഒടുവില്‍ അഭിനയിച്ചത്. അതേസമയം വിവാഹനിശ്ചയ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.