ഇന്റര്‍വ്യു ചെയ്യാനെത്തിയ കുട്ടിയെ ബാലചന്ദ്ര മേനോന്‍ അടുത്ത സിനിമയിലെ നായികയാക്കി; ആനിക്കന്ന് 15 വയസ്സ്

രേണുക വേണു| Last Modified ബുധന്‍, 21 ജൂലൈ 2021 (15:33 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആനി. ചുരുങ്ങിയകാലം കൊണ്ട് തന്നെ ആനി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയായി. ആനി സിനിമയിലേക്ക് എത്തുന്നത് വളരെ അവിചാരിതമായാണ്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ദൂരദര്‍ശന് വേണ്ടി ആനി ഒരു അഭിമുഖം നടത്തിയിരുന്നു. അന്നത്തെ പ്രമുഖ സംവിധായകന്‍ ബാലചന്ദ്ര മേനോനെയാണ് പത്താം ക്ലാസുകാരിയായ ആനി ഇന്റര്‍വ്യു ചെയ്തത്. തന്നെ ഇന്റര്‍വ്യു ചെയ്ത കുട്ടിയെ ബാലചന്ദ്ര മേനോന് വളരെ ഇഷ്ടപ്പെട്ടു. തന്റെ അടുത്ത സിനിമയിലേക്ക് വിളിച്ചു. 15 വയസ് മാത്രം കഴിഞ്ഞിട്ടുള്ളൂ ആനിക്ക് ആ സമയത്ത്. എങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ ആനി തീരുമാനിച്ചു. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെ ആനി അങ്ങനെ അരങ്ങേറ്റം കുറിച്ചു.


സംവിധായകന്‍ ഷാജി കൈലാസാണ് ആനിയുടെ ജീവിതപങ്കാളി. സിനിമയില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. വിവാഹശേഷം ആനി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ക്രിസ്ത്യന്‍ കുടുംബത്തിലാണ് ആനി ജനിച്ചുവളര്‍ന്നത്. ഷാജി കൈലാസിനെ വിവാഹം കഴിച്ചതോടെ മതം മാറി ഹിന്ദുവായി. മതം മാറിയ ശേഷം താരം പേരും മാറ്റി. ചിത്ര ഷാജി കൈലാസ് എന്നാണ് പുതിയ പേര്. എന്നാല്‍, ഇപ്പോഴും എല്ലാവരും ആനിയെന്നാണ് വിളിക്കുന്നത്. എന്നാല്‍, മിസ്സിസ് ഷാജി കൈലാസ് എന്ന് വിളിക്കുന്നതാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്ന് ആനി പറയുന്നു.


ഇപ്പോഴും ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയയാണ് താരം. ആനിയുടെ ജന്മദിനമാണിന്ന്. 1978 ജൂലൈ 21 നാണ് ആനിയുടെ ജനനം. തന്റെ 43-ാം ജന്മദിനമാണ് ആനി ഇന്ന് ആഘോഷിക്കുന്നത്. 1993 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് ആനി സിനിമാലോകത്തേക്ക് എത്തുന്നത്. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായി ആനി അഭിനയിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പെയിലെ ആനിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :