'ഞങ്ങള്‍ സന്തുഷ്ടരാണ്' സിനിമയോട് വിയോജിപ്പ് തുറന്നുപറഞ്ഞ് നടി അഭിരാമി; കാരണം ഇതാണ്

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 28 മെയ് 2021 (13:30 IST)

രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഞങ്ങള്‍ സന്തുഷ്ടരാണ്'. രണ്ടായിരത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രം കുടുംബപ്രേക്ഷകരുടെ കൈയടി നേടി. എന്നാല്‍, പില്‍ക്കാലത്ത് സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. ജയറാമും അഭിരാമിയുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയറാമിന്റെ കഥാപാത്രം അഭിരാമിയുടെ കഥാപാത്രത്തോട് ചെയ്യുന്ന കാര്യങ്ങള്‍ തികഞ്ഞ സ്ത്രീവിരുദ്ധതയാണെന്നാണ് പൊതുവെ ഉയര്‍ന്ന വിമര്‍ശനം. വര്‍ഷങ്ങള്‍ക്കിപ്പുറം ആ സിനിമയോട് വിയോജിപ്പ് പരസ്യമാക്കുകയാണ് നടി അഭിരാമിയും. ചില കാര്യങ്ങളോട് അഭിരാമിക്ക് വിയോജിപ്പുണ്ട്. അതെല്ലാം താരം തുറന്നുപറഞ്ഞു. വെബ് ദുനിയ മലയാളത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അഭിരാമി ഇക്കാര്യം വിശദീകരിച്ചത്.

'ഗീതു (ഞങ്ങള്‍ സന്തുഷ്ടരാണ് സിനിമയിലെ അഭിരാമിയുടെ കഥാപാത്രം) പെര്‍ഫക്ട് ആണെന്ന് ഞാന്‍ പറയില്ല. ഗീതുവിന്റെ ക്യാരക്ടറിലും പ്രശ്‌നങ്ങള്‍ ഉണ്ട്. സ്ത്രീയെ നന്നാക്കുക എന്ന പേരില്‍ ഗീതുവിനോട് ചെയ്യുന്ന ശാരീരികവും മാനസികവുമായ പീഡനമുണ്ട്. അതാണ് സിനിമയിലെ പ്രശ്‌നം. അതിനെ തമാശ രീതിയിലാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അത് തെറ്റാണെന്നാണ് ഞാന്‍ പറയുന്നത്. സിനിമയിലെ നായകന്‍ പൂര്‍ണമായും തെറ്റ്, നായിക മാത്രം ശരി എന്നൊന്നും ഞാന്‍ പറയുന്നില്ല. സിനിമയില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന കാര്യം തെറ്റാണ്. നായകനും നായികയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വേറെ രീതിയില്‍ പരിഹരിക്കാമല്ലോ?,' അഭിരാമി ചോദിച്ചു.

ഇന്നാണെങ്കില്‍ ഗീതുവിനോട് നോ പറയുമോ എന്ന ചോദ്യത്തിനു അഭിരാമി നല്‍കിയ മറുപടി ഇങ്ങനെ: 'ഗീതു എന്ന കഥാപാത്രത്തിനു നോ പറയുമെന്നല്ല. ആ കഥാപാത്രം ചെയ്യാന്‍ എനിക്ക് പ്രശ്‌നം ഒന്നുമില്ല. ഗീതുവിനെ തിരുത്താന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളോടാണ് എതിര്‍പ്പ്. ഗീതുവിനെ വീണ്ടും അവതരിപ്പിച്ചു എന്നുതന്നെ വിചാരിക്കുക, അവളെ കാര്യങ്ങള്‍ ഇരുത്തി മനസിലാക്കി നോക്കൂ. ഇത് ഇങ്ങനെയല്ല, അങ്ങനെയാണ് വേണ്ടത് എന്നൊക്കെ പറഞ്ഞുമനസിലാക്കി കൊടുക്കുക. അവളുടെ ഭാഗം കേള്‍ക്കാന്‍ ഭര്‍ത്താവിന് സമയമുണ്ടെങ്കില്‍ ആ കഥാപാത്രം ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല. ഗീതുവിന് ചുറ്റുമുള്ള കഥാപാത്രങ്ങളില്‍ പ്രശ്‌നമുണ്ട്. ഗീതുവിന്റെ മാതാപിതാക്കളില്‍ വരെ. ഗീതു തെറ്റുകാരിയല്ല എന്നും പറയുന്നില്ല,'






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :