Mohanlal: ആവര്‍ത്തനത്തിനുള്ള ലൈസന്‍സ് മലയാളി കൊടുത്തിരിക്കുന്നത് ലാലിന് മാത്രമാണ്, മുഷിപ്പിക്കാത്ത ഭാവങ്ങളുടെ സമന്വയം; ഒരു മമ്മൂട്ടി ആരാധകന്‍ മോഹന്‍ലാലിനെ ഓര്‍ക്കുമ്പോള്‍..!

മോഹന്‍ലാലിന്റെ ഏറ്റവും നല്ല ടൂള്‍ അയാളുടെ മുഖമാണെന്ന് തോന്നിയിട്ടുണ്ട്. ശരീരത്തേക്കാള്‍ ഏറ്റവും ഫ്ളക്സിബിള്‍ ആയി റിയാക്ട് ചെയ്യുന്നത് മോഹന്‍ലാലിന്റെ മുഖമാണ്

Nelvin Gok| Last Modified ചൊവ്വ, 21 മെയ് 2024 (11:04 IST)

Nelvin Gok - [email protected]

Mohanlal: തെളിച്ചമുള്ള ഓര്‍മകളില്‍ പരതി നോക്കുമ്പോള്‍ ആദ്യം കണ്ട സിനിമ ഉസ്താദ് ആണ്. തൊട്ടപ്പുറത്തെ വീട്ടില്‍ മാത്രമാണ് അന്ന് വിസിആര്‍ ഉള്ളത്. ബന്ധുവായ ചേട്ടനൊപ്പം അപ്പുറത്തെ വീട്ടില്‍ പോയിരുന്ന് ഉസ്താദ് കണ്ടത് നല്ല രസമുള്ള ഓര്‍മയായി ഇന്നും അവശേഷിക്കുന്നുണ്ട്. 'മേ ഹൂം ഉസ്താദ്' എന്ന് മീശ പിരിച്ചുവെച്ച് മോഹന്‍ലാല്‍ പറഞ്ഞു കേട്ടതാണ് ഓര്‍മയിലുള്ള ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ മാനിഫെസ്റ്റേഷന്‍. എന്നിട്ടും ഞാനൊരു കടുത്ത മമ്മൂട്ടി ആരാധകനായി ! മോഹന്‍ലാല്‍ എന്ന പേര് നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ശരാശരി മലയാളി കൂടിയായ മമ്മൂട്ടി ആരാധകന്‍ !

മോഹന്‍ലാലിനോളം മലയാളികളെ ഭ്രമിപ്പിച്ച ഒരു താരമില്ല. മലയാളികള്‍ മോഹന്‍ലാലിനോട് കാണിക്കുന്നത് ഒരുതരം ഭ്രാന്ത് പിടിച്ച സ്നേഹവും വാത്സല്യവുമാണ്. ഈ 64 ന്റെ നിറവിലും മലയാളികള്‍ക്ക് അയാള്‍ അയലത്തെ വീട്ടിലെ പയ്യനാണ്. ഒരു ശരാശരി മലയാളിയുടെ എല്ലാ വികാര വിക്ഷോഭങ്ങളുടേയും ശരീരഭാഷയുടേയും ആകെത്തുകയാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെയാണ് അയാള്‍ ഇത്രത്തോളം പ്രിയപ്പെട്ടതാകുന്നതും. മലയാളികളുമായി റിലേറ്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനായാസമായാണ് മോഹന്‍ലാല്‍ തന്റെ ശരീരഭാഷയിലും മുഖഭാവത്തിലും ചടുലമായി പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അങ്ങനെയൊരു നടനോട് മലയാളികള്‍ക്ക് വല്ലാത്തൊരു ഇന്റിമസിയും ആരാധനയും തോന്നും. തമിഴ് മക്കള്‍ക്ക് എക്കാലത്തും ആഘോഷിക്കാന്‍ ഒരു രജനീകാന്ത് ഉള്ളതുപോലെ ഇങ്ങ് മലയാളത്തിലും തലൈവരായി മോഹന്‍ലാല്‍ ഉണ്ട്.



നമ്മളുമായി ഏറ്റവും അടുത്ത ഒരു വ്യക്തിയായി, അല്ലെങ്കില്‍ നമ്മളെ പോലെ മറ്റൊരു വ്യക്തിയായി മോഹന്‍ലാല്‍ കഥാപാത്രങ്ങളെ തോന്നുന്നിടത്താണ് അയാളിലെ താരവും നടനും നാല് പതിറ്റാണ്ടോളമായി വിജയിച്ചു നില്‍ക്കുന്നത്. ഒരു ടിപ്പിക്കല്‍ മലയാളി പ്രൊഡക്ടിനെ കാണിച്ചുതരാന്‍ ആരെങ്കിലും പറഞ്ഞാല്‍ സംശയമൊന്നും ഇല്ലാതെ നിങ്ങള്‍ക്ക് മോഹന്‍ലാലിലേക്ക് വിരല്‍ചൂണ്ടാം...മോഹന്‍ലാലിലേക്ക് മാത്രം !

തൊണ്ണൂറുകളിലാണ് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെല്ലാം പകര്‍ന്നാടിയത്. അതില്‍ മിക്കതും മലയാളികള്‍ക്ക് പെട്ടന്ന് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളായിരുന്നു. മലയാളികളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന കഥാപാത്രം. സ്വന്തം വീട്ടിലെ കുസൃതിയും കള്ളത്തരവും നിറഞ്ഞ ഒരു പയ്യനെ പോലെ മോഹന്‍ലാല്‍ വിലസിയ കാലഘട്ടം. പില്‍ക്കാലത്ത് മോഹന്‍ലാലിനെ പോലെ അയലത്തെ പയ്യന്‍ ഇമേജ് സ്വന്തമാക്കിയ മറ്റൊരു താരം ദിലീപാണ്. കരിയറിന്റെ പീക്ക് ടൈമില്‍ ദിലീപ് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. അഭൂതപൂര്‍വ്വമായ രീതിയില്‍ കുടുംബപ്രേക്ഷകരുടെ പിന്തുണ അക്കാലത്ത് ദിലീപ് ചിത്രങ്ങള്‍ക്ക് കിട്ടിയിരുന്നു. പക്ഷേ ദിലീപിന്റെ 'അയലത്തെ പയ്യന്‍' ഇമേജിന് കേവലം നാലോ അഞ്ചോ വര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അവിടെയാണ് മോഹന്‍ലാല്‍ എത്രത്തോളം മലയാളികളുടെ പ്രിയപ്പെട്ടവനാണെന്ന് മനസ്സിലാകുന്നത്. നാല് പതിറ്റാണ്ടിലേറെയായി മോഹന്‍ലാല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ലാലേട്ടനായി ഇവിടെയുണ്ട്.


Malaikottai Vaaliban, Mohanlal, Malaikottai Vaaliban review, Mohanlal in Malaikottai Vaaliban
Malaikottali Vaaliban - Mohanlal

ഒരു നടന്‍ ആവര്‍ത്തിക്കപ്പെടരുത് എന്നാണ് എല്ലാ നിരൂപകരുടെയും നിരീക്ഷണം. ഇക്കാര്യത്തില്‍ മലയാളികള്‍ ഒഴികഴിവ് നല്‍കിയിരിക്കുന്നത് മോഹന്‍ലാലിന് മാത്രമാണ്. മോഹന്‍ലാല്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ ചന്തം മലയാളികള്‍ക്ക് ഇന്നും ആസ്വദിച്ചു തീര്‍ന്നിട്ടില്ല. വിന്റേജ് മോഹന്‍ലാലിനെ സ്‌ക്രീനില്‍ കാണാന്‍ കൊതിക്കുന്നവരാണ് കടുത്ത മമ്മൂട്ടി ആരാധകനായ ഞാന്‍ പോലും. ഗാഥ 'ഐ ഹേറ്റ് യൂ' എന്ന് പറയുമ്പോള്‍ ഒന്ന് കുണുങ്ങി ചിരിച്ച് മോഹന്‍ലാല്‍ പറയുന്നുണ്ട് 'ഇറ്റ്സ് ഇംപോസിബിള്‍'. അതെ, വിന്റേജ് മോഹന്‍ലാലിനെ വെറുക്കുക എന്നത് ഒരു മമ്മൂട്ടി ആരാധകന് പോലും ദുഷ്‌കരമായ കാര്യമാണ്. അതുകൊണ്ടാണ് 'ഹേ മനുഷ്യാ, നിങ്ങള്‍ എത്ര വേണമെങ്കിലും ആവര്‍ത്തിക്കൂ' എന്ന് പ്രായഭേദമന്യേ മലയാളികള്‍ ഇന്നും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.

എത്രയൊക്കെ കണ്ടു കളഞ്ഞാലും പിന്നെയും പിന്നെയും മായാജാലം തീര്‍ക്കുന്ന ലാല്‍ ഭാവങ്ങളുണ്ട്. അതൊരു സ്വാഭാവികമായ ഒഴുക്കാണ്. കുറച്ച് വെള്ളമെടുത്ത് ഒരു പരന്ന പാത്രത്തില്‍ ഒഴിച്ചു നോക്കുക, വെള്ളം പരന്ന പാത്രത്തിന്റെ ആകൃതിയിലേക്ക് നിമിഷനേരം കൊണ്ട് മാറും. ആ വെള്ളമെടുത്ത് ഒരു കുപ്പിയിലേക്ക് ഒഴിക്കുക, വെള്ളത്തിന് പിന്നെ കുപ്പിയുടെ രൂപമാണ്. അങ്ങനെയാണ് ലാല്‍ ഭാവങ്ങളും. ഏത് കഥാപാത്രത്തേയും തന്നിലേക്ക് സ്വാംശീകരിക്കാന്‍ അപാരമായ കഴിവുണ്ട് മോഹന്‍ലാലിന്. അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും മോഹന്‍ലാല്‍ അത് വളരെ ലാഘവത്തോടെ ചെയ്യുന്നുണ്ട് വര്‍ഷങ്ങളായി.

Mohanlal and Mammootty
Mohanlal and Mammootty

മോഹന്‍ലാലിന്റെ ഏറ്റവും നല്ല ടൂള്‍ അയാളുടെ മുഖമാണെന്ന് തോന്നിയിട്ടുണ്ട്. ശരീരത്തേക്കാള്‍ ഏറ്റവും ഫ്ളക്സിബിള്‍ ആയി റിയാക്ട് ചെയ്യുന്നത് മോഹന്‍ലാലിന്റെ മുഖമാണ്. ഇന്ന് മോഹന്‍ലാല്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും അതാണ്. പോസ്റ്റ് ഒടിയന്‍ കാലഘട്ടം ഏറെക്കുറെ തളര്‍ത്തിയിരിക്കുന്നത് മോഹന്‍ലാലിന്റെ മുഖത്തെ അനായാസതയെയാണ്. സ്വയം രാകിമിനുക്കാന്‍ തയ്യാറായാല്‍, തന്നിലെ അഭിനേതാവ് നേരിടുന്ന പ്രതിസന്ധിയെ കൃത്യമായി വിലയിരുത്തിയാല്‍ മോഹന്‍ലാലിന് ഈ അനായാസതയിലേക്ക് വീണ്ടും തിരിച്ചെത്താമെന്ന് തന്നെയാണ് പ്രതീക്ഷ ! നേരിലും മലൈക്കോട്ടൈ വാലിബനിലും അതിന്റെ പ്രതിഫലനങ്ങള്‍ ചെറുതായെങ്കിലും കണ്ടതുമാണ്..!

പ്രിയപ്പെട്ട അഞ്ച് മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍

1. ആനന്ദന്‍ (ഇരുവര്‍)

2. ആട് തോമ (സ്ഫടികം)

3. സാഗര്‍ കോട്ടപ്പുറം (അയാള്‍ കഥയെഴുതുകയാണ്)

4. ടോണി കുരിശിങ്കല്‍ (നമ്പര്‍ 20 മദ്രാസ് മെയില്‍)

5. ഐ.ജി.ചന്ദ്രശേഖര്‍ ഐപിഎസ് (ഗ്രാന്റ്മാസ്റ്റര്‍)







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :