മമ്മൂട്ടി മുതല്‍ മഞ്ജു വാര്യര്‍ വരെ!അഭിനയകുലപതിക്ക് ഇന്ന് 64-ാം ജന്മദിനം, മോഹന്‍ലാലിന് പിറന്നാളാശംസകളുമായി മോളിവുഡ് !
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 21 മെയ് 2024 (09:38 IST)
ലോക സിനിമയില്‍ തന്നെ തലമുറകള്‍ ആഘോഷമാക്കിയ താരങ്ങള്‍ കുറവാണ്. മാറിമാറി വരുന്ന തലമുറകള്‍ ഓരോരുത്തരും മോളിവുഡിന്റെ നടനവിസ്മയം മോഹന്‍ലാലിനെ ഇഷ്ടപ്പെട്ടു ,അയാളുടെ അഭിനയം ആസ്വദിച്ചു ,പുതിയതിനായി അവര്‍ ഒരേ മനസ്സോടെ കാത്തിരിക്കുകയാണ്. അതെ ആ സിനിമാഗാനം പോലെ മലയാളികളുടെ 'നെഞ്ചിനകത്ത് ലാലേട്ടന്‍' തന്നെയാണ്. നിഷ്‌കളങ്കമായ ചിരിയോടെ ഒരു വശം ചരിച്ച തോളുമായി മലയാളത്തിന്റെ അഭിമാനം മോഹന്‍ലാല്‍ ഒരു പിടി സിനിമകളുമായി ഇനിയും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.
അഭിനയകുലപതിക്ക് ഇന്ന് 64-ാം ജന്മദിനമാണ്. അര്‍ധരാത്രി തന്നെ മോളിവുഡ് സിനിമ ലോകം താര രാജാവിന് ആശംസകളുമായി എത്തി. തന്റെ പ്രിയപ്പെട്ട ലാലിന് മമ്മൂട്ടിയും എട്ടുമണിക്കൂര്‍ മുമ്പേ ആശംസകള്‍ നേര്‍ന്നു.
വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനാണ് മോഹന്‍ലാല്‍.1960 മെയ് 21ന് ജനിച്ച താരത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നിന്നുമായിരുന്നു.എംജി കോളേജില്‍ നിന്നാണ് ബികോമില്‍ ബിരുദം നേടിയത്. സ്‌കൂള്‍ പഠനകാലം മുതലേ അഭിനയ മോഹം ലാലിനുള്ളില്‍ ഉണ്ടായിരുന്നു. മികച്ച നാടക നടനുള്ള പുരസ്‌കാരങ്ങള്‍ നേടിയ ലാല്‍ കോളേജില്‍ എത്തിയതോടെ സ്വപ്നങ്ങളിലേക്കുള്ള യാത്രയ്ക്ക് വേഗം കൂടി.
സുഹൃത്തുക്കളായ പ്രിയദര്‍ശനും സുരേഷ് കുമാറിനും ഒപ്പം ചേര്‍ന്ന് ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി മോഹന്‍ലാല്‍ സ്ഥാപിച്ചു. 1978 സെപ്റ്റംബര്‍ മൂന്നിന് 'തിരനോട്ടം' എന്ന സിനിമയിലൂടെ ലാല്‍ അരങ്ങേറ്റം കുറിച്ചു. ഈ സിനിമ റിലീസ് ചെയ്തില്ല. ഭാസി സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മോഹന്‍ലാല്‍ ബിഗ് സ്‌ക്രീനില്‍ എത്തി. സിനിമയിലെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അവിടെ മോഹന്‍ലാലിന്റെ താരരാജാവ് ജനിക്കുകയായിരുന്നു. നാല് പതിറ്റാണ്ടില്‍ കൂടുതല്‍ നീണ്ട സിനിമ ജീവിതത്തിനു കൂടി തുടക്കമായത് ഇവിടെ നിന്നായിരുന്നു.