സുരേഷ്ഗോപി മനോരോഗ വിദഗ്ധന്‍?

WEBDUNIA|
PRO
ഹരികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സൂപ്പര്‍താരം സുരേഷ്ഗോപി മനോരോഗ വിദഗ്ധനായി അഭിനയിക്കുന്നതായി സൂചന. നവ്യാ നായര്‍ നായികയാകുന്ന ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത് ശത്രുഘ്നനാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ശ്വേതാ മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നാല്പത് വയസുള്ള ഒരു സൈക്യാട്രിസ്റ്റിന്‍റെ വേഷത്തിലാണ് മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ ഈ സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് അറിയുന്നത്. സൈക്യാട്രിസ്റ്റും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള അതിമനോഹരമായ ഹൃദയബന്ധത്തിന്‍റെ ആവിഷ്കാരമാണിതെന്നും സൂചനയുണ്ട്. ജഗതി ശ്രീകുമാറിനും നല്ല വേഷമാണ്.

റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഈണം നല്‍കുന്നത് എം ജയചന്ദ്രന്‍. ഒക്‌ടോബര്‍ 10ന്‌ ചിത്രീകരണം ആരംഭിക്കാനാണ് പരിപാടി. ഹരികുമാറിന്‍റെ കഴിഞ്ഞ ചിത്രമായ പറഞ്ഞു തീരാത്ത വിശേഷങ്ങളിലും സുരേഷ്ഗോപിയായിരുന്നു നായകന്‍. ഏറെ വൈകി റിലീസ് ചെയ്ത ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ഹരികുമാറിന്‍റെ മുന്നില്‍ ഇപ്പോള്‍ ഉള്ള രണ്ടു പ്രൊജക്ടുകളില്‍ ഒന്നാണിത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഒരു സിനിമയും അദ്ദേഹം പ്ലാന്‍ ചെയ്യുന്നുണ്ട്. പതാക, കിച്ചാമണി എം ബി എ, കാവ്യം എന്നിവയാണ് സുരേഷ്ഗോപിയും നവ്യയും ഒന്നിച്ച സിനിമകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :