രണ്ടാമൂഴം സിനിമയാക്കില്ല, എനിക്ക് താല്‍പ്പര്യമില്ല: എം ടി
WEBDUNIA|
PRO
“മഹാപ്രസ്ഥാനം ആരംഭിച്ചുകഴിഞ്ഞു. അവസാനം സ്തംഭം പൂര്‍ണമായും കടലില്‍ താണപ്പോള്‍ ഭീമന് വെറും കൌതുകംകൊണ്ടു വിടര്‍ന്ന മന്ദഹാസമൊതുക്കി, യുധിഷ്ഠിരനെ നോക്കി. അദ്ദേഹം കണ്ണടച്ച് ശിരസ്സു കുനിച്ച് നില്‍ക്കുകയായിരുന്നു. ജ്യേഷ്ഠന്റെ പിന്നിലായി തലകുനിച്ചു നില്ക്കുന്ന ദ്രൌപദിയോടു പറയാന്‍ ഒരു കാര്യം ഓര്‍മ്മിച്ചിരുന്നു. കടല്ക്കരയില് ചിതറിക്കിടക്കുന്ന നഗരാവശിഷ്ടങ്ങള്‍ക്കിടയില്‍, മണലില്‍ പൂഴ്ന്ന ഒറ്റത്തേരിനും തകര്‍ന്ന ഒരു സിംഹസ്തംഭത്തിനുമിടയ്ക്ക്, ഗതിമുട്ടിക്കിടന്ന ഒരു നീര്‍ച്ചാലില്‍, വാടിയ പൂമാലകള്‍!”
രണ്ടാമൂഴം. മലയാളസാഹിത്യത്തിലെ ഉജ്ജ്വല ഇതിഹാസം. എം ടി വാസുദേവന്‍ നായര്‍ എന്ന അക്ഷരകുലപതിയുടെ ഈ ഉജ്ജ്വല സൃഷ്ടി സിനിമയാകുന്നു എന്നും എം ടി അതിന് തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഹരിഹരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ മോഹന്‍ലാല്‍ ഭീമസേനനാകുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എല്ലാ റൂമറുകള്‍ക്കും എം ടി മറുപടി നല്‍കുകയാണ്. ‘രണ്ടാമൂഴം സിനിമയാക്കുന്നില്ല. എനിക്ക് അതിന് താല്‍പ്പര്യമില്ല’ - എം ടി വ്യക്തമാക്കി.
“രണ്ടാമൂഴം സിനിമയാകില്ല. എനിക്ക് അതിന് താല്‍പ്പര്യമില്ല. എല്ലാ കൃതികളും സിനിമയാകണമെന്ന് നിര്‍ബന്ധമൊന്നുമില്ലല്ലോ. നോവല്‍ എന്ന നിലയില്‍ അതിന് നല്ല വില്‍പ്പനയുണ്ട്. ഹിന്ദി വിവര്‍ത്തനം വന്നിട്ടുണ്ട്. ഇംഗ്ലീഷില്‍ പുതിയ എഡിഷന് ഇറങ്ങിക്കഴിഞ്ഞു. രണ്ടര മണിക്കൂര്‍ നേരത്തേക്ക് രണ്ടാമൂഴത്തെ ഒതുക്കി സിനിമയാക്കുമ്പോള്‍ പലതും വെട്ടിക്കളയേണ്ടിവരും. അങ്ങനെ കുറച്ചുഭാഗങ്ങള്‍ ഒഴിവാക്കി ചെയ്യേണ്ടതില്ല” - മനോരമ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ എം ടി വ്യക്തമാക്കി.
“1977 നവംബറില്‍ മരണം വളരെ സമീപത്തെത്തി പിന്മാറിയ എന്റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലം കൊണ്ട് ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസ്സില്‍ എഴുതാനും, വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ എഴുതിത്തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ചു തന്ന കാലത്തിന്റെ ദയയ്ക്കു നന്ദി” - രണ്ടാമൂഴം എന്ന നോവലിന്റെ രചനാകാലത്തേക്കുറിച്ച് എം ടി എഴുതിയതാണിത്. മലയാള സാഹിത്യത്തിലെ ‘രണ്ടാമൂഴം’ എന്ന പ്രകാശഗോപുരത്തെ ക്യാമറയില്‍ പകര്‍ത്തേണ്ടതില്ല എന്ന ഉറച്ച തീരുമാനം എം ടി തന്നെ അറിയിച്ചതോടെ ഇതുസംബന്ധിച്ച ചര്‍ച്ചകളും അവസാനിക്കുകയാണ്.