ജോഷി എന്ന സംവിധായകന്‍റെ കഴിവ് മോഹന്‍ലാലിന് വ്യക്തമായറിയാം. തകര്‍പ്പന്‍ മാസ് സിനിമകള്‍ ചെയ്യാന്‍ ജോഷി കഴിഞ്ഞേ മലയാളത്തില്‍ മറ്റ് സംവിധായകരുള്ളൂ എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ജോഷിയെ വിടാതെ പിടിച്ചിരിക്കുകയാണ് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടന്‍. ജോഷിക്ക് തുടര്‍ച്ചയായി ഡേറ്റ് നല്‍കുക എന്നതാണ് മോഹന്‍ലാല്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രം. അതുകൊണ്ടുതന്നെ മറ്റ് പല നായകന്‍മാര്‍ക്കും ജോഷിയുടെ ഡേറ്റ് ലഭിക്കുന്നതേയില്ല.
രഞ്ജിത്തിനെ മമ്മൂട്ടി പോക്കറ്റിലാക്കിയതിന് മറുതന്ത്രമായാണ് മോഹന്‍ലാലിന്‍റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ജോഷിയെ ഒപ്പം നിര്‍ത്തുന്നതിനാല്‍ എപ്പോഴും ഒരു മെഗാഹിറ്റ് ഉറപ്പാക്കുകയാണ് മോഹന്‍ലാലിന്‍റെ ലക്‍ഷ്യം. എന്നും താരമൂല്യമുള്ള നായകന്‍മാരെ തന്‍റെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ജോഷിയാകട്ടെ, മോഹന്‍ലാലിന്‍റെ ഡേറ്റ് യഥേഷ്ടം ലഭിക്കുന്നതിനാല്‍ മറ്റ് നടന്‍മാരുടെ കാര്യം ചിന്തിക്കുന്നതേയില്ല. ദിലീപിന്‍റെയും മമ്മൂട്ടിയുടെയും ജോഷി പ്രൊജക്ടുകള്‍ നീണ്ടുപോകാന്‍ ഇതാണ് കാരണം.
ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ജോഷി - മോഹന്‍ലാല്‍ ചിത്രത്തിന് ‘കാശ്മീര്‍’ എന്ന് പേരിട്ടു. അമല പോള്‍ നായികയാകുന്ന ഈ സിനിമയില്‍ ജയറാം, ബിജു മേനോന്‍ എന്നിവരും അഭിനയിക്കുന്നു. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമിന്‍റേതാണ് തിരക്കഥ. ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം ജോഷിക്ക് ഉദയന്‍റെയും സിബിയുടെയും തിരക്കഥ ലഭിക്കുകയാണ്.
അതിര്‍ത്തിയില്‍ തീവ്രവാദികള്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും എതിരെ പോരാടുന്ന പട്ടാളക്കാരുടെ കഥയാണ് ‘കാശ്മീര്‍’ പറയുന്നത്. പൂര്‍ണമായും കാശ്മീരില്‍ ചിത്രീകരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ‘കീര്‍ത്തിചക്ര’ സീരീസിന് ശേഷം മോഹന്‍ലാല്‍ വീണ്ടും പട്ടാളക്കാരനായി എത്തുന്നു എന്നതാണ് കാശ്മീരിന്‍റെ പ്രത്യേകത. സുബൈറാണ് കാശ്മീര്‍ നിര്‍മ്മിക്കുന്നത്.